മയക്കുമരുന്ന് കേസ് പാരിതോഷികത്തിന് റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കും: മന്ത്രി
തിരുവനന്തപുരം
സംസ്ഥാനത്ത് വലിയ തോതിൽ മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ഒരു കേസിൽ ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000 രൂപ വരെയും വിവരം നൽകുന്ന ആൾക്ക് പരമാവധി 60,000 രൂപ വരെയും ക്യാഷ് റിവാർഡ് ലഭ്യമാക്കുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെട്ട ഏകാംഗ കമ്മിറ്റിയാണ് രൂപീകരിക്കുക.
ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം രൂപ വരെയും വിവരം നൽകുന്ന ആൾക്ക് 60,000 രൂപയ്ക്ക് മുകളിൽ രണ്ടു ലക്ഷം രൂപ വരെയും ക്യാഷ് റിവാർഡ് നൽകുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനും ഡെപ്യൂട്ടി സെക്രട്ടറി പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഉൾപ്പെട്ട ഒരു സംസ്ഥാനതല റിവാർഡ് കമ്മിറ്റിയും രൂപീകരിക്കും. ഉദ്യോഗസ്ഥർക്ക് റിവാർഡ് നൽകുന്നത് അവരുടെ മനോവീര്യം ഉയർത്തുന്നതിനും കൂടുതൽ കേസുകൾ കണ്ടെത്തുന്നതിനും സഹായകരമാകും. അതിനാലാണ് എക്‌സൈസ് വകുപ്പ് സംസ്ഥാനത്ത് കണ്ടെടുക്കുന്ന മയക്കുമരുന്ന് കേസുകളിൽ റിവാർഡ് നൽകുന്നതിന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."