കൊലപാതകങ്ങളുടെ രൂപവും ഭാവവും മാറുന്നു അമ്പരന്ന് പൊലിസും നേതാക്കളും
സുനി അൽഹാദി
കൊച്ചി
സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളുടെ രൂപവും ഭാവവും മാറുന്നത് പൊലിസിനെയും രാഷ്ട്രീയ നേതൃത്വത്തെയും ഒരുപോലെ അമ്പരപ്പിക്കുന്നു.
ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി മണിക്കൂറുകൾക്കകം അതേ നേതൃ പദവിയിലുള്ള ബി.ജെ.പി നേതാവും കൊല്ലപ്പെട്ടതാണ് പൊലിസിനെ അമ്പരപ്പിക്കുന്നത്.
വിവിധ പാർട്ടികളുടെ നേതാക്കൾ ''''സ്‌കെച്ച് '''' ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സംഭവം നൽകുന്ന സൂചന. ഇത് ഏറെ ആശങ്കാജനകമാണ്.
മുമ്പുള്ള സംഭവങ്ങളിൽ പ്രവർത്തകരാണ് കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ സംസ്ഥാന നേതൃപദവിയിൽ ഉള്ളവർ തന്നെ കൊലക്കത്തിക്കിരയായി. ഓരോ പാർട്ടിയുടെയും നേതാക്കൾ ആരൊക്കെ, അവർ എവിടെയാണ് താമസിക്കുന്നത് എന്നതടക്കമുള്ള ആസൂത്രണം നടന്നിരിക്കണം എന്നതാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ. എസ് ഷാൻ പതിവായി പോകുന്ന വഴിയും സമയവും കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണ് അവിടെ കാത്തിരുന്നു കൊലപാതകം നടന്നത്. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും ഇതേ കൃത്യതയോടെയാണ് സംഭവിച്ചത്. ആലപ്പുഴ നഗരത്തിൽ ബി.ജെ.പി നേതാവ് താമസിക്കുന്ന വീടും സ്ഥലവും എല്ലാം കൃത്യമായി നേരത്തെതന്നെ കണ്ടെത്തി സ്‌കെച്ച് ചെയ്യപ്പെട്ടിരുന്നു എന്നാണ് വ്യക്തമാവുന്നത്.
ആദ്യത്തെ കൊലപാതകം നടന്ന ആറ് മണിക്കൂറിനുശേഷം അതേ പദവിയിൽ തന്നെ മറ്റൊരു നേതാവിനെ കണ്ടെത്തി കൊലപാതകം നടത്തണമെങ്കിൽ വളരെ കൃത്യമായ ആസൂത്രണം ഉണ്ടാവും എന്നാണ് പൊലിസ് വിശ്വസിക്കുന്നത്.
ഇതേ ആസൂത്രണത്തെ രാഷ്ട്രീയ നേതൃത്വവും അമ്പരപ്പോടെയാണ് കാണുന്നത്.
നേരത്തെ ഒരു പാർട്ടിയിലെ ഏതെങ്കിലും ഒരു പ്രവർത്തകൻ കൊല്ലപ്പെട്ടാൽ എതിർപാർട്ടിയുടെ മറ്റേതെങ്കിലും പ്രവർത്തകനെയായിരുന്നു കൊലപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ അത് സംസ്ഥാന നേതാക്കളെ തന്നെ ലക്ഷ്യംവയ്ക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ്.
ഇത് കൂടുതൽ അപകടകരമായ നിലയിലേക്ക് നീങ്ങുകയും സംസ്ഥാനത്തെ ക്രമസമാധാനത്തെ തന്നെ തകരാറിലാക്കുകയും ചെയ്യും എന്ന ആശങ്കയും അന്വേഷണ ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."