വിവാഹപ്രായം: നിയമവും സാമൂഹിക നീതിയും
നിലവിലുള്ള വിവാഹപ്രായം 18ൽ നിന്ന് 21 ആക്കുന്നതിനു പ്രധാനമായും മുന്നോട്ടുവയ്ക്കുന്ന ന്യായം മാതൃമരണ നിരക്ക് കുറക്കുന്നതിനും പെൺകുട്ടികളുടെ പോഷകാഹാര ലഭ്യത വർധിപ്പിക്കുന്നതിനും അതു സഹായകമാകുമെന്നാണ്. എന്നാൽ ഇത്തരമൊരു വാദത്തിന് എത്രമാത്രം ശാസ്ത്രീയ പിൻബലമുണ്ടെന്നത് അന്വേഷിക്കേണ്ടതുണ്ട്. ലഭ്യമായ കണക്കുകൾ ഇത്തരം വാദത്തെ ഖണ്ഡിക്കുന്നതാണ്. അഥവാ, 21നു മുമ്പ് ഗർഭിണിയായാൽ മരണസാധ്യത കൂടുതലാണെന്നത് ഈയടുത്ത് കേന്ദ്ര സർക്കാർ തന്നെ പുറത്തിറക്കിയ ഔദ്യോഗിക രേഖകൾക്കു വിരുദ്ധവുമാണ്. ഇന്ത്യയിലെ മാതൃമരണ നിരക്കിന്റെ ഏറ്റവും പുതിയ പ്രവണതകൾ കാണിച്ചുകൊണ്ട് പുറത്തുവന്ന രേഖയാണ് ജൂലൈയിൽ ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ സ്പെഷൽ ബുള്ളറ്റിൻ. സാംപിൾ രജിസ്‌ട്രേഷൻ സിസ്റ്റം ഉപയോഗിച്ച് കണക്കാക്കിയിരിക്കുന്ന 2016-18 കാലയളവിലെ വയസ് തിരിച്ചുള്ള മാതൃമരണ നിരക്കാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതനുസരിച്ച് മാതൃമരണ നിരക്കിൽ 15-19 വയസിലുള്ളവരുടേത് ആകെ വരുന്നത് അഞ്ചു ശതമാനം മാത്രമാണ്. എന്നാൽ 65 ശതമാനം മാതൃമരണങ്ങളും സംഭവിച്ചിരിക്കുന്നത് 20-29 വയസിനിടയിലുള്ളവരിലാണ്.
പ്രായപരിധിയും വിവാഹപ്രായവും
വിവാഹത്തിനു വിവിധ രാജ്യങ്ങൾ നിശ്ചയിച്ചിരിക്കുന്ന പ്രായപരിധിയും അവിടങ്ങളിൽ നിലനിൽക്കുന്ന വിവാഹപ്രായവും തമ്മിൽ കാര്യമായ ബന്ധമൊന്നുമില്ലെന്നു കാണാനാവും. 18 വയസിനു താഴെ വിവാഹം അനുവദിക്കുന്ന രാജ്യങ്ങളും അല്ലാത്ത രാജ്യങ്ങളും തമ്മിൽ ശരാശരി വിവാഹപ്രായത്തിൽ വലിയ വ്യത്യാസമൊന്നുമില്ല. ഏഷ്യയിലും ആഫ്രിക്കയിലും സ്ത്രീകളുടെ ശരാശരി വിവാഹപ്രായം 20നു തൊട്ടുമുകളിലാണ്. യൂറോപ്പിൽ ഇതു 25നോട് അടുത്തിരിക്കുന്നു. എന്നാൽ വടക്കൻ അമേരിക്കൻ നാടുകളിലും ഓഷ്യാനയിലും 25നു മുകളിലാണ് ശരാശരി വിവാഹപ്രായം.
യു.എൻ പ്രസിദ്ധീകരിച്ച ലോക വിവാഹ സ്ഥിതിവിവരം പരിശോധിക്കുമ്പോഴും തെളിയുന്നത് നിയമപരമായ വിവാഹപ്രായവും യഥാർഥ വിവാഹപ്രായവും തമ്മിൽ കാര്യമായ ബന്ധമില്ലെന്നു മനസിലാക്കാം. 1990-2000നുമിടയിൽ വ്യത്യസ്ത രാജ്യങ്ങൾ നൽകിയിട്ടുള്ള കണക്കുകളും യു.എന്നിന്റെ കണക്കുകളും അനുസരിച്ച് 15-19 വയസിനു താഴെ വിവാഹിതരാവുന്ന പെൺകുട്ടികളുടെ ശതമാനം പരിശോധിക്കാം. ഏഷ്യ: ഇന്ത്യ (35.7), പാകിസ്താൻ (21.9), ശ്രീലങ്ക (7.1), നേപ്പാൾ (41.6), ഇന്തോനേഷ്യ (18.2), സിംഗപ്പൂർ (1.2), സഊദി അറേബ്യ (7), ഇറാൻ (25) യു.എ.ഇ (8), ബഹ്‌റൈൻ (4), ഖത്തർ (4), തുർക്കി (15.5), ചൈന (4.7), ജപ്പാൻ (0.7). യൂറോപ്പ്: റഷ്യ (14), ബൾഗേറിയ (16.5), ഉക്രൈൻ (15), യു.കെ (1.7), ഫ്രാൻസ് (0.2), ജർമനി (1.2), സ്വിറ്റ്‌സർലന്റ് (10.4), ഇറ്റലി (3.1). അമേരിക്ക: യു.എസ് (3.9), കാനഡ (1.3), മെക്‌സിക്കോ (16), ബ്രസീൽ (16.9), വെനിസ്വേല (17.7), ക്യൂബ (28.8).
അഥവാ, 16ാം വയസിലും പെൺകുട്ടികൾക്ക് വിവാഹം അനുവദിക്കുന്ന പാശ്ചാത്യരാജ്യങ്ങളെ പോലെ പല മുസ്‌ലിം രാജ്യങ്ങളിലും വിവാഹം നടക്കുന്നത് 20 വയസിനു മുകളിലാണ്. മാത്രവുമല്ല, അൾജീരിയ, ലിബിയ, തുണീഷ്യ, ലെബനോൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിൽ 15-19ന് ഇടക്ക് വിവാഹതരാവുന്നവർ അഞ്ചു ശതമാനത്തിനും താഴെയാണ് എന്നതും പരിഗണിക്കപ്പെടേണ്ട വസ്തുതയാണ്. ഒരേ വിവാഹപ്രായനിയമം നിലനിൽക്കുന്ന രാജ്യത്തുതന്നെ, വ്യത്യസ്ത ജനവിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത വിവാഹപ്രായം നിലനിൽക്കുന്നതായി കാണാനാവും. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ.
വിവാഹപ്രായപരിധി നിശ്ചയിക്കുന്നതിൽ ഓരോ രാജ്യത്തും നിലവിലുള്ള മതവും സംസ്‌കാരവും വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ വിവാഹം നടക്കുന്ന പ്രായവും വിവാഹിതരാവുന്നവരുടെ മതവും തമ്മിൽ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശകലന വിധേയമാക്കേണ്ടതുണ്ട്. മുകളിൽ നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നതുപോലെ പല മുസ്‌ലിം രാജ്യങ്ങളിലെയും ശരാശരി വിവാഹപ്രായവും 18 വയസിനു മുകളിൽ മാത്രം വിവാഹിതരാകുന്നവരുടെ കണക്കും വികസിത രാജ്യങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമല്ല. കൂടുതൽ മുസ് ലിംകളുള്ള ഇന്തോനേഷ്യയിലും ലോകത്തെ ഏറ്റവും വലിയ (കമ്മ്യൂണിസ്റ്റ്?) രാജ്യമായ ചൈനയിലും വിവാഹിതരാകുന്ന പെൺകുട്ടികളുടെ ശരാശരി പ്രായം 23 ആണ്. പാകിസ്താനിലെ ശരാശരി വിവാഹപ്രായം 21 ആണെങ്കിൽ ഇന്ത്യയിലിത് ഒരു വയസു താഴെയാണ് (20).
ഇനി ഇന്ത്യയിൽ നിലനിൽക്കുന്ന വ്യത്യസ്ത മതവിഭാഗങ്ങളിലെ വിവാഹപ്രായം പരിശോധിക്കാം. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ 10 വയസിനു താഴെ നടന്ന 12 മില്യൺ വിവാഹങ്ങളിൽ 84 ശതമാനവും ഹിന്ദുമത വിശ്വാസികളാണെങ്കിൽ ബാക്കിവരുന്നതിൽ 11% ശതമാനം മുസ് ലിംകളാണ്. ഇതിൽതന്നെ 70 ശതമാനത്തിൽ അധികം നടക്കുന്നത് ഗ്രാമീണർക്കിടയിലാണ്. 2001ലെ കണക്കുപ്രകാരം 21 വയസിനു താഴെ വിവാഹം കഴിക്കുന്നവരിൽ ഹിന്ദു വിഭാഗമാണ് മുന്നിൽ (51.3 ശതമാനം), മുസ്‌ലിംകൾ (47), ബുദ്ധമതക്കാർ (26), ക്രൈസ്തവർ (20). എന്നാൽ, 17 വയസിനു താഴെ വിവാഹിതരാവുന്ന പെൺകുട്ടികളിൽ മുന്നിൽ മുസ്‌ലിംകളാണ് (43 ശതമാനം). തൊട്ടുപിന്നിൽ ഹിന്ദുക്കൾ (37), ബുദ്ധമതക്കാർ (41). എന്നാൽ പതിനെട്ടോ അതിനുമുകളിലോ വിവാഹം കഴിക്കുന്നവരുടെ കണക്കിൽ ഹിന്ദുക്കളും (54.9) മുസ്‌ലിംകളും (56.9) തമ്മിൽ കാര്യമായ വ്യത്യാസമില്ല. ചുരുക്കത്തിൽ, ചില ദേശീയമാധ്യമങ്ങളും നടത്തുന്നതുപോലെ വിവാഹപ്രായം വർധിപ്പിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെയാണെന്നു കാണിച്ച് നിയമനിർമാണത്തിന് അനുകൂലമായ സാമുദായികധ്രുവീകരണം നടത്തുന്നത് തികച്ചും ദുരുപധിഷ്ഠിതമാണ്.
മുകളിൽ കൊടുത്ത ഓരോ കണക്കും ബോധ്യപ്പെടുത്തുന്ന ചില വസ്തുതകളുണ്ട്. അവയിൽ ഏറ്റവും ശ്രദ്ധേയമായത്, വിവാഹപ്രായവുമായി ബന്ധപ്പെട്ട നിയമങ്ങളല്ല, മറിച്ച് ഓരോ രാജ്യത്തും നിലനിൽക്കുന്ന സാമൂഹികവും സാമ്പത്തികവുമായ വളർച്ചയുടെ നിലവാരമാണ് യഥാർഥ വിവാഹപ്രായം നിശ്ചയിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ സൃഷ്ടിക്കാതെ 18 വയസായാലും വിവാഹം കഴിക്കാൻ പാടില്ല എന്ന് ശഠിക്കുന്നത് അന്യായമാണ്. അതുകൊണ്ട് 21 വയസ് തികഞ്ഞില്ലെന്ന കാരണത്താൽ ഒരു പെൺകുട്ടിക്ക് വിവാഹത്തിനുള്ള അവകാശവും സ്വാതന്ത്യ്രവും നിഷേധിക്കുന്നതിനു പകരം, വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാമൂഹിക ശാക്തീകരണത്തിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാനാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."