HOME
DETAILS

വർഗീയതയുടെ വിഷം

  
backup
December 21 2021 | 00:12 AM

463-56

പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പരസ്പരം കൊല്ലുന്നവർ. ജനങ്ങളെ ഭിന്നിപ്പിച്ച് ശത്രുക്കളാക്കി തമ്മിലടിപ്പിക്കുന്നവർ. കലാപമുണ്ടാക്കുന്നവർ. അതെ, ഇവർ അപകടകാരികളാണ്. കലാപകാരികളാണ്. സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കുന്നവരാണ്. ആലപ്പുഴ ജില്ലയിൽ മണിക്കൂറുകൾക്കുള്ളിൽ നടന്നത് രണ്ടു കൊലപാതകങ്ങൾ. ആദ്യം കൊല്ലപ്പെട്ടത് എസ്.ഡി.പി.ഐ നേതാവ്. മണിക്കൂറുകൾക്കുള്ളിൽ ആർ.എസ്.എസ് നേതാവും കൊലക്കത്തിക്കിരയായി.


എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ് ഷാനെ ശനിയാഴ്ച വൈകിട്ട് ആർ.എസ്.എസുകാരാണ് കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസും കൊല്ലപ്പെട്ടു. കേരളത്തെ മുഴുവൻ നടുക്കിയ ഭീകരത.
രാഷ്ട്രീയത്തിന്റെ പേരിലുള്ള സംഘർഷങ്ങളും ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും അസാധാരണമല്ല കേരളത്തിൽ. രാഷ്ട്രീയ കൊലപാതകങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസിലാവും. സാധാരണ പാവപ്പെട്ട പാർട്ടി പ്രവർത്തകരാവും ശത്രുപാർട്ടിയിലെ അക്രമികളുടെ കത്തിക്കിരയാവുക. കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും താഴേത്തട്ടിലുള്ളവരാകും. ജീവിക്കാൻ വേണ്ടി രാഷ്ട്രീയ പാർട്ടികളിൽ നിലയുറപ്പിച്ച് നേതാക്കളുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ച് കൊല്ലാനും കൊല്ലപ്പെടാനും വിധിക്കപ്പെടുന്നവരാണവർ.


ആലപ്പുഴയിൽ ഈ നില മാറിയിരിക്കുന്നു. കൊല്ലപ്പെട്ടവർ രണ്ടുപേരും അതതു സംഘടനകളുടെ സംസ്ഥാന നേതാക്കളാണ്. ഏതു സംഘർഷത്തിലും ഏതു സംഘടനയിലും നേതാക്കൾ സാധാരണ സുരക്ഷിതരായിരിക്കുമെന്നതാണു പതിവ്. നേതാക്കൾ കൽപ്പിക്കുകയേ ഉള്ളൂ. അനുസരിക്കാനും കൽപ്പന പ്രകാരം കൊല നടത്താനും അണികൾ ഒരുങ്ങിനിൽക്കുന്നുണ്ടാവും.


കൊന്നുവീഴ്ത്തിയത് സമുന്നത നേതാക്കളെയാണെന്നത് ആലപ്പുഴയിലെ ഒരു വലിയ പ്രത്യേകത തന്നെ. അപ്പോഴും കൊല്ലുന്നവർ സാധാരണക്കാർ തന്നെ. കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്യാനും മാരകായുധങ്ങൾ ഉന്നംതെറ്റാതെ പ്രയോഗിക്കാനും പ്രത്യേകം പരിശീലനം സിദ്ധിച്ചവർ. ഇവർ ഒരിക്കലും നേതാക്കളാവില്ല. നേതാക്കളാകാനുള്ള യോഗ്യതയും ഇവർക്കാർക്കുമുണ്ടാവില്ല. എന്നും താഴേത്തട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരാണിക്കൂട്ടർ. നേതാക്കൾ പറയുന്നത് അതേപടി അനുസരിക്കുക മാത്രമാണിവരുടെ ജോലി. നേതാവ് കൊല്ലാൻ പറഞ്ഞാൽ കൊല്ലും. തല്ലാൻ പറഞ്ഞാൽ തല്ലും. ആരെ വേണമെങ്കിലും ഇവർ തല്ലുകയും കൊല്ലുകയും ചെയ്യും. അവർക്ക് ആരോടും വ്യക്തിപരമോ രാഷ്ട്രീയപരമോ ആയ പക ഒന്നും ഉണ്ടാവില്ല. പകയല്ല ഇവിടെ വിഷയം. നേതാവിന്റെ ആജ്ഞ നടപ്പിലാക്കുക മാത്രമാണ് ഇവരുടെ ജോലി. ഇവർക്ക് അതു സ്വന്തം കടമ മാത്രമാണ്. സ്വന്തം പാർട്ടിയുടെയോ സമുദായത്തിന്റെയോ ആദർശങ്ങളും വിശ്വാസങ്ങളുമൊന്നും ഇവർക്കു ബാധകമല്ല താനും. ഇരകളോട് ശത്രുതയുമില്ല.


ഒരു പാർട്ടിയുടെ ഏതെങ്കിലുമൊരു നേതാവിനെയോ പ്രവർത്തകനെയോ കൊന്നാൽ ആ പാർട്ടിയെ തകർക്കാമെന്നു കരുതുന്നവർ ഏതെങ്കിലും സംഘടനയിലുണ്ടാകുമെന്നു തോന്നുന്നില്ല. പക്ഷേ, ആ രീതിയിലാണ് ചില നേതൃത്വങ്ങളുടെ ചിന്ത ഇപ്പോൾ സഞ്ചരിക്കുന്നത്. ആ ചിന്ത ശത്രുതയായി വളരുന്നു. അതിൽനിന്ന് അസഹിഷ്ണുത ഉയരുന്നു. ശത്രുസംഘടനയെ അക്രമംകൊണ്ട് നശിപ്പിക്കാമെന്നു കരുതി ആയുധങ്ങൾ സമാഹരിക്കുന്നു. ആയുധങ്ങൾ പ്രയോഗിക്കാൻ ആളുകളെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ലക്ഷ്യം നോക്കി വച്ച് പദ്ധതി തയാറാക്കി കൃത്യമായി കൊല നടത്തുന്നു.
ഇത്തരം സംഘടനകളുടെ ലക്ഷ്യമെന്താണ്? കേരളത്തിലെ പൊതുസമൂഹം വളരെ ആഴത്തിൽ ചിന്തിക്കേണ്ട വിഷയമാണിത്. ഇതു കേരളത്തിന്റെ മതേതര ചിന്തകൾക്കും നിലപാടുകൾക്കും എതിരാണ്. വർഗീയത ഒരു ഘട്ടത്തിലും കേരള സമൂഹത്തിനു ഭീഷണി ഉയർത്തുന്ന വിഷയമായി വളർന്നിട്ടില്ല. പലയിടത്തും ഒറ്റപ്പെട്ട സംഘർഷങ്ങളും കൊലപാതകങ്ങളും ലഹളകളും നടന്നിട്ടുണ്ടെങ്കിലും വർഗീയ സംഘർഷങ്ങളുടെ വിളഭൂമിയായി കേരളം ഒരിക്കലും മാറിയിട്ടില്ല.


വിദ്യാഭ്യാസ രംഗത്ത് കേരളം നേടിയ നേട്ടങ്ങൾ തന്നെയാണ് ഇതിനു കാരണം. മലയാളിയുടെ മനസ് പൊതുവെ വർഗീയതയോട് സന്ധിചെയ്യുന്നതല്ല തന്നെ. ജനാധിപത്യ മതേതര ചിന്തകൾ വളർന്നു പടർന്നു പന്തലിച്ച മണ്ണാണു കേരളത്തിലേത്. ഇവിടെ വർഗീയതയ്ക്ക് ഒരു സമുദായവും പിന്തുണ നൽകുന്നില്ല എന്നതാണു വസ്തുത.


തികഞ്ഞ മതേതര ചിന്തയിലും മതസൗഹാർദത്തിലും അടിസ്ഥാനമിട്ട ഒരു ജനതയെ വർഗീയതയിലേയ്ക്കടുപ്പിക്കാനുള്ള ശ്രമങ്ങളാണ് കേരളത്തിൽ ചില സംഘടനകൾ കുറേകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ആത്യന്തിക ലക്ഷ്യം രാഷ്ട്രീയ നേട്ടങ്ങളാണെന്നത് വേറെ കാര്യം.
ഉത്തരേന്ത്യയിൽ പല പ്രദേശങ്ങളിലും കാലാകാലങ്ങളായി വർഗീയ സംഘട്ടനങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴും പല സ്ഥലങ്ങളിലും വർഗീയ സംഘർഷം നിലനിൽക്കുന്നുമുണ്ട്. ചില രാഷ്ട്രീയക്കാർക്ക് ഇതാവശ്യമാണ്. രാഷ്ട്രീയ നേതാക്കൾ തന്നെയാണ് ഇത്തരം വർഗീയ സംഘടനകൾക്കു പിന്നിൽ പ്രവർത്തിക്കുന്നതും. വർഗീയതയും അതിന്റെ പേരിലുള്ള സംഘട്ടനങ്ങളും ലഹളകളും കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന രാഷ്ട്രീയ പരിപാടികളാണ്. ഇവയുടെ ലക്ഷ്യം രാഷ്ട്രീയം തന്നെയാണ്. ഏതു വർഗീയ മുന്നേറ്റത്തിനും പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാകുമെന്നർഥം.


പക്ഷേ, ഇത്തരം വർഗീയശക്തികളെ നേരിടാനുള്ള കഴിവ് കേരള ജനതയ്ക്കുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മുമ്പ് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ പതിവായപ്പോൾ പൊലിസ് ഒരു തന്ത്രം പ്രയോഗിച്ചു. കൊലപാതകം ഉണ്ടായാൽ അതിനു പിന്നിൽ പ്രവർത്തിച്ച പ്രാദേശിക നേതാക്കളെ പിടികൂടി ലോക്കപ്പിലാക്കുക. ചോദ്യംചെയ്ത് കേസിൽ പ്രതിയാക്കുക. ഇപ്പോഴത്തെ എഡി.ജി.പി മനോജ് എബ്രഹാം ഉത്തരമേഖലാ ഡി.ഐ.ജി ആയിരുന്ന കാലം. നേതാക്കൾ കസ്റ്റഡിയിലാവാനും അറസ്റ്റിലാവാനും തുടങ്ങിയതോടെ കൊലപാതക പരമ്പരയ്ക്കു കുറവുണ്ടായിത്തുടങ്ങിയെന്നാണ് അന്ന് മനോജ് എബ്രഹാം പറഞ്ഞത്.


ഇന്നിപ്പോൾ നേതാക്കളും കത്തിക്കിരയാവുന്നു. കൊല്ലപ്പെട്ട രണ്ടുപേരുടെയും യാത്രാവഴികളും സ്വഭാവങ്ങളും നേരത്തെ തന്നെ ശത്രുസംഘങ്ങൾ നോക്കി വച്ചിരുന്നുവെന്നർഥം. നേതാക്കൾക്കും രക്ഷയില്ലെന്നായിരിക്കുന്നു. നേതൃത്വത്തിലാണെന്നതിന്റെ സുരക്ഷിതത്വം ആർക്കും ഉറപ്പാക്കാനാവില്ല തന്നെ.
പിടിയിലാകുന്ന പ്രതികളുടെ കാര്യവും ഇനി കഷ്ടംതന്നെ. കൊല്ലപ്പെട്ടവർക്കെന്ന പോലെ കൊല്ലുന്നവർക്കും കുടുംബവും കുട്ടികളുമൊക്കെയുണ്ട്. ഈ പ്രതികളെ ഇനി കാത്തിരിക്കുന്നത് വർഷങ്ങൾ നീളുന്ന കസ്റ്റഡിയും ജയിൽവാസവും പീഡനവുമാണ്. ഇവരുടെ യൗവ്വനവും ജീവിതവും ഏതെങ്കിലും കൽത്തുറുങ്കിലെ ഇരുളടഞ്ഞ മുറിയിൽ ഒതുങ്ങുകയാവും ഫലം.


എന്തായാലും ഒരു സത്യം അവശേഷിക്കുന്നു. കേരളജനത സമുദായ സ്പർധയുടെയും രാഷ്ട്രീയ സംഘർഷത്തിന്റെയും വഴിക്കു നീങ്ങുന്നവരല്ല. വർഗീയ സംഘർഷത്തിന്റെ സംസ്‌കാരം കേരളത്തിനില്ല. കേരളം ഒരിക്കലും ഉത്തരേന്ത്യൻ രീതികളിലേയ്ക്കു തിരിഞ്ഞിട്ടില്ല. അതിനു തയാറായവരും സന്നാഹമൊരുക്കിയവരും ഉണ്ടായിട്ടുപോലും. അതാണു കേരളത്തിന്റെ ചരിത്രം. അതാണു കേരളത്തിന്റെ പൈതൃകം. മലയാളിയുടെ മനസിന്റെ മാഹാത്മ്യം. അതിൽ വിഷം ചേർക്കാർ വർഗീയ കോമരങ്ങൾ ശ്രമിക്കരുത്. ആരെങ്കിലും ശ്രമിച്ചാൽ അതിനെ തകർക്കാനുള്ള കരുത്ത് കേരള സമൂഹത്തിനുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  24 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  24 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  24 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  24 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  24 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  24 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  24 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  24 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  24 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  24 days ago