'ഇൻഡ്യ' മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം പൂർണമായും പിൻവലിക്കും: പി. ചിദംബരം
തിരുവനന്തപുരം: ബി.ജെ.പി കൊണ്ടുവന്ന കരി നിയമങ്ങളെ പിൻവലിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ പി.ചിദംബരം. പൗരത്വ ഭേദഗതി നിയമം (സി.എ.എ) ഉൾപ്പെടെയുള്ള അഞ്ച് നിയമങ്ങളെ 'ഇൻഡ്യ' മുന്നണി അധികാരത്തിലെത്തിയാൽ റദ്ദാക്കുമെന്ന് ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ചിദംബരം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ബി.ജെ.പി കൊണ്ടുവന്ന അമ്പതോളം നിയമങ്ങൾ പ്രശ്നങ്ങൾ ഉണ്ട്. ഇവയിൽ അഞ്ചെണ്ണം ഗുരുതരമായവയാണ്. ഇവ ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പൂർണമായും പിൻവലിക്കുമെന്ന് ചിദംബരം വ്യക്തമാക്കി. പിൻവലിക്കുന്നവയിലൊന്നാണ് പൗരത്വ ഭേദഗതി നിയമം. സി.എ.എ ഭേദഗതി ചെയ്യുകയല്ല, പൂർണമായി പിൻവലിക്കുമെന്നും പി ചിദംബരം കൂട്ടിച്ചേർത്തു.
ബി.ജെ.പി സർക്കാർ സൈനികർക്കായി കൊണ്ടുവന്ന അഗ്നിവീർ പദ്ധതിയും പൂർണമായും പിൻവലിക്കും. യുവാക്കൾക്ക് മേലുള്ള ക്രൂരമായ തമാശയാണ് അഗ്നിവീര്‍. സൈനിക വിരുദ്ധ പദ്ധതിയാണിത്. അതിനാൽ ഇത് പൂർണമായും പിൻവലിക്കുമെന്ന് ചിദബരം പറഞ്ഞു.
രാജ്യത്തെ നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു വെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നും ചിദംബരം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."