മഴയിൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് എയർപോർട്ട് സി.ഇ.ഒ
ദുബൈ: കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ പെയ്ത മഴയിൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിലും യാത്രക്കാര്‍ നേരിട്ട അസൗകര്യങ്ങളിലും ഖേദം പ്രകടിപ്പിച്ച് ദുബൈ എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത്‌സ്. നിലവിലെ സാഹചര്യം സവിശേഷമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഞങ്ങള്‍ എത്രയും വേഗം സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും പോള്‍ ഗ്രിഫിത്ത്‌സ് പറഞ്ഞു. ഈ സാഹചര്യം മനസ്സിലാക്കിയതിന് എല്ലാവര്‍ക്കും അദ്ദേഹം നന്ദിയും പറഞ്ഞു.
ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് തിരികെ എത്തിക്കുന്നതിനായി വിമാനത്താവളത്തിലെ സംഘം നിരന്തരം പരിശ്രമിക്കുകയാണെന്നും ഈ പ്രതിസന്ധി നേരിടുന്നതിനും യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും എല്ലാ പങ്കാളികളും ഒന്നിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വെല്ലുവിളി നിറഞ്ഞ സമയത്തെ ഞങ്ങളുടെ അതിഥികളുടെ ക്ഷമയും സഹകരണവും അഭിനന്ദനം അര്‍ഹിക്കുന്നു - അദ്ദേഹം വ്യക്തമാക്കി.
യു.എ.ഇയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന മഴ പെയ്തതാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. ആയിരത്തിലേറെ വിമാനങ്ങളാണ് രണ്ട് ദിവസത്തിനിടെ മാത്രം റദ്ദാക്കിയത്. വിമാനത്താവളം സാധാരണ പ്രവര്‍ത്തന ഷെഡ്യൂളിലേക്ക് തിരിച്ചെത്തുന്നതോടെ യാത്രക്കാര്‍ക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്രയും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."