ദൂരദര്ശന് ലോഗോയുടെ നിറം മാറ്റിയത് തികഞ്ഞ ഫാസിസം: രൂക്ഷ വിമര്‍ശനവുമായി എംകെ സ്റ്റാലിന്
ദൂരദര്ശന് ഹിന്ദി ഇംഗ്ലീഷ് വാര്‍ത്താചാനലുകളുടെ ലോഗോ നിറം മാറ്റിയതില്‍ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സ്റ്റാലിന് രൂക്ഷ വിമര്‍ശനം നടത്തിയത്.രാജ്യത്ത് സര്‍വ്വതും കാവി വത്ക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണിത്. ഇത്തരം ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെയുള്ള ജനങ്ങളുടെ മറുപടിയായിരിക്കും ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാന്മാരുടെ പ്രതിമകള്‍ക്ക് കാവിനിറം നല്‍കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസങ്ങളിലാണ് ദൂരദര്ശന് ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറംമാറ്റം കൊണ്ടുവന്നത്. നേരത്തെ മഞ്ഞ, നീല നിറത്തില്‍ ആയിരുന്നു ദൂരദര്‍ശന്റെ ലോഗോ. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചത്.
ലോഗോയില്‍ മാത്രമാണ് ദൂരദര്ശന് മാറ്റം വരുത്തിയിട്ടുള്ളതെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ലോഗോയ്ക്കൊപ്പം ചാനലിന്റെ സ്ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്.
നേരത്തെ വിവാദ സിനിമ 'ദി കേരള സ്റ്റോറി' സംപ്രേഷണം ചെയ്യാനുള്ള ദൂരദര്‍ശന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."