മുംബൈയെ അടിച്ചോതുക്കി ജയ്സ്വാൾ; രാജസ്ഥാന് ഏഴാം ജയം
ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ വീണ്ടും തകർത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന യശസ്വി ജയ്സ്വാൾ തകർപ്പൻ സെഞ്ച്വറിയുമായി തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാൻ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
തകർച്ചയോടെയാണ് മുംബൈ ഇന്നിംഗ്സ് ആരംഭിച്ചത്. രോഹിത് ശർമ്മ ആറ്, ഇഷാൻ കിഷൻ പൂജ്യം, സൂര്യകുമാർ യാദവ് 10 തുടങ്ങിയവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. നന്നായി കളിച്ചു തുടങ്ങിയ മുഹമ്മദ് നബി 23 റൺസുമായി പുറത്തായി. തിലക് വർമ്മയും നേഹൽ വധേരയും പിടിച്ചുനിന്നതോടെ മുംബൈ സ്കോർ മുന്നോട്ട് നീങ്ങി.
തിലക് 65ഉം വധേര 49ഉം റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റിൽ 99 റൺസ് പിറന്നു. ഈ കൂട്ടുകെട്ടാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. അഞ്ച് വിക്കറ്റുമായി സന്ദീപ് ശർമ്മ മുംബൈയെ തകർത്തെറിഞ്ഞു. മറുപടി പറഞ്ഞ രാജസ്ഥാൻ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. യശസ്വി ജയ്സ്വാൾ 104 റൺസുമായും സഞ്ജു സാംസൺ 38 റൺസുമായും പുറത്താകാതെ നിന്നു. 35 റൺസെടുത്ത ജോസ് ബട്ലറുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."