പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഗൂഗിളില്‍ മാത്രം തെരെഞ്ഞെടുപ്പ് പരസ്യത്തിന് ചെലവഴിച്ചത് 100 കോടിയില്‍ കൂടുതല്‍
ഗൂഗിളിലും യൂട്യൂബിലും രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ ഈ വര്‍ഷം മാത്രം ബിജെപി ചെലവാക്കിയത് 100 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ഭീമന്‍ തുക ചെലവഴിക്കുന്ന ഇന്ത്യയിലെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ഇതോടെ ബിജെപി മാറി. 101 കോടിയിലധികം രൂപ ബിജെപിയുടെ ഡിജിറ്റല്‍ ക്യാമ്പയിനുകള്‍ക്കായി ഇതിനകം ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2018 മെയ് 31 നും 2024 ഏപ്രില്‍ 25 നും ഇടയില്‍ പ്രസിദ്ധീകരിച്ച ഗൂഗിള്‍ പരസ്യങ്ങളിലെ ബിജെപിയുടെ വിഹിതം മൊത്തം ചെലവിന്റെ 26 ശതമാനമാണ്. അതായത്, ഗൂഗിള്‍ രാഷ്ട്രീയം എന്ന് തരംതിരിച്ച പരസ്യങ്ങള്‍ക്കായി 2018 മുതല്‍ ബിജെപി ചെലവഴിച്ചത് 390 കോടി രൂപ.
ഗൂഗിള്‍ 'രാഷ്ട്രീയ പരസ്യം' എന്ന് വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ മൊത്തം 217,992 ഉള്ളടക്കങ്ങളാണുള്ളത് (73% ഷെയര്‍). ഇതില്‍ 161,000ലധികവും ഈ കാലയളവില്‍ ബിജെപി പ്രസിദ്ധീകരിച്ചതാണ്. പാര്‍ട്ടിയുടെ പരസ്യങ്ങളില്‍ ഭൂരിഭാഗവും കര്‍ണാടകയിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതിന് മാത്രമായി ഏകദേശം 10.8 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്. ഉത്തര്‍പ്രദേശിനായി 10.3 കോടി രൂപ, രാജസ്ഥാന്‍ 8.5 കോടി രൂപ, ഡല്‍ഹി 7.6 കോടി രൂപ എന്നിങ്ങനെയാണ് പരസ്യച്ചെലവ്. ഗൂഗിളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ മറ്റൊരു പ്രധാന ലക്ഷ്യം തമിഴ്നാടായിരുന്നു. തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും തൊട്ടുപിന്നിലുണ്ട്.
അതേസമയം, ഗൂഗിള്‍ പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത് 45 കോടിയാണ്. 2018 മുതല്‍ ആകെ പ്രസിദ്ധീകരിച്ചത് 5,992 ഓണ്‍ലൈന്‍ പരസ്യങ്ങള്‍ മാത്രം. ബിജെപിയുടെ പരസ്യങ്ങളുടെ 3.7 ശതമാനം മാത്രമാണിത്. കോണ്‍ഗ്രസിന്റെ ഓണ്‍ലൈന്‍ ക്യാമ്പയിനുകള്‍ പ്രധാനമായും കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു. തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ, ഗൂഗിള്‍ പ്ലാറ്റ്ഫോമുകളിലെ ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ വലിയ രാഷ്ട്രീയ പരസ്യദാതാവാണ്. 2018 മെയ് മുതല്‍ 42 കോടി രൂപയാണ് ഡിഎംകെ ചെലവഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."