സിഫ്‌നെറ്റില്‍ വെസ്സല്‍ നാവിഗേറ്റര്‍, മറൈന്‍ ഫിറ്റര്‍ കോഴ്‌സുകളില്‍ പ്രവേശനം; എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് അവസരം; അപേക്ഷ ജൂണ്‍ 14നകം
കേന്ദ്ര ഫിഷറീസ് വകുപ്പിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്റ് എഞ്ചിനീയറിങ് ട്രെയിനിങ് (സിഫ്‌നെറ്റ്) കൊച്ചി മറൈന്‍ ഫിറ്റര്‍ (എംഎഫ്‌സി), വെസ്സല്‍ നാവിഗേറ്റര്‍ (വിഎന്‍സി) കോഴ്‌സുകളില്‍ പ്രവേശനം. സിഫ്‌നെറ്റ് കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് കോഴ്‌സുള്ളത്. രണ്ട് വര്‍ഷത്തെ ട്രേഡുകളിലായി ആഴക്കടല്‍ മത്സ്യബന്ധന വാഹനവുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനമുള്‍പ്പെടെയുള്ള കോഴ്‌സുകളുണ്ട്.
ഓരോ ട്രേഡിലും 20 സീറ്റുകളുള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളിലുമായി ആകെ 120 സീറ്റുകളിലാണ് പ്രവേശനം. എന്‍സിവിടി ക്രാഫ്റ്റ്‌സ്മാന്‍ ട്രെയിനിങ് പദ്ധതി പ്രകാരമാണ് കോഴ്‌സ് നടത്തുന്നത്.
യോഗ്യത
മാത്തമാറ്റിക്‌സ്, സയന്‍സ് വിഷയങ്ങള്‍ക്ക് പ്രത്യേകം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷ പാസായവര്‍ക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കുമാണ് അവസരം.
പരീക്ഷ
ജൂണ്‍ 29ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി പൊതുപ്രവേശന പരീക്ഷ നടക്കും.
പ്രായപരിധി
2024 ആഗസ്റ്റ് ഒന്നിന് 15 മുതല്‍ 20 വയസ്. പട്ടികജാതി/ പട്ടിക വര്‍ഗം: 5 വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
അപേക്ഷ ഫീസ് 350 രൂപ. എസ്.സി/ എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 175 രൂപ മതി. അക്കൗണ്ട്‌സ് ഓഫീസര്‍, സിഫ്‌നെറ്റ്, കൊച്ചിയ്ക്ക് മാറ്റാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഫീസ് അപേക്ഷയോടൊപ്പം നല്‍കണം.
താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കി നിര്‍ദ്ദിഷ്ട ഫോറത്തില്‍ നിര്‍ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട രേഖകള്‍ സഹിതം ദി ഡയറക്ടര്‍, സിഫ്‌നെറ്റ്, ഫൈന്‍ ആര്‍ട്‌സ് അവന്യൂ, ഫോര്‍ഷോര്‍ റോഡ്, കൊച്ചി- 682016 എന്ന വിലാസത്തില്‍ ജൂണ്‍ 14നകം ലഭിക്കണം.
പ്രവേശന പരീക്ഷഫലം ജൂലൈ 7ന്. കേന്ദ്രീകൃത അഡ്മിഷന്‍ കൗണ്‍സിലിങ് സിഫ്‌നെറ്റ് കൊച്ചിയില്‍ ജൂലൈ 18ന് നടക്കും. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 1500 രൂപ സ്റ്റൈപ്പന്റുണ്ട്. കോഴ്‌സ് പൂര്‍ത്തിയായിക്കഴിഞ്ഞുള്ള പരിശീലന കാലയളവില്‍ പ്രതിമാസം 20,500 രൂപയാണ് സ്റ്റൈപ്പന്റ് ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.cifnet.gov.in സന്ദര്‍ശിക്കുക. വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."