ഒരു വര്‍ഷം പുതുവൈപ്പിനില്‍ പൊലിഞ്ഞത് എട്ടു ജീവനുകള്‍ - മരുന്നിനു പോലുമില്ല സുരക്ഷ; നിറഞ്ഞുകവിഞ്ഞ് ബീച്ചുകള്‍
കൊച്ചി: ബീച്ചുകള്‍ സന്ദര്‍ശകരെകൊണ്ട് നിറഞ്ഞുകവിയുമ്പോഴും യാതൊരു സുരക്ഷാ മുന്‍കരുതലുകളും ഒരുക്കാതെ അധികൃതര്‍. അവധിക്കാലവും കനത്ത ചൂടും കാരണം ആയിരക്കണക്കിന് പോരാണ് ദിനംപ്രതി ബീച്ചുകളിലെത്തുന്നത്. ഏറിയപങ്കും വിദ്യാര്‍ഥികളുള്‍പ്പെടുന്ന കുട്ടികളാണ്. പലര്‍ക്കും നീന്തലും വശമില്ല. കൂട്ടംകൂടി എത്തുന്ന ആണ്‍കുട്ടികളും നിരവധിയാണ്. ഗ്രാമപ്രദേശങ്ങളിലെ ബീച്ചുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. എന്നാല്‍ എവിടെയും സുരക്ഷാക്രമീകരണങ്ങളില്ല.
കടലിലിറങ്ങി അപകടത്തില്‍പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. നിയന്ത്രിക്കാന്‍ ഒരു പൊലിസുകാരന്റെ സേവനം പോലും ഇല്ലാത്ത ബീച്ചുകളാണ് ഏറെയും. കഴിഞ്ഞദിവസം പുതുവൈപ്പിനില്‍ കുളിക്കാനിറങ്ങിയ ആറംഗസംഘത്തില്‍ മൂന്നുപേരും വെള്ളത്തില്‍ താഴ്ന്ന് മരിക്കുകയായിരുന്നു. രണ്ടുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഇവരും മരിച്ചു.
ഇവര്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍തന്നെ നീന്തല്‍ പരിശീലനം നടത്തുന്നവര്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും കൂട്ടാക്കാതെ ഇറങ്ങുകയായിരുന്നു. ടൂറിസം വകുപ്പോ പൊലിസോ സന്ദര്‍ശകര്‍ക്ക് നിര്‍ദേശം നല്‍കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പലപ്പോഴും രാത്രിവൈകിയും ബീച്ചില്‍ സന്ദര്‍ശകരുണ്ടാകും. ചൂടില്‍ നിന്ന് രക്ഷനേടാന്‍ കടലിലിറങ്ങുന്നവര്‍ പലപ്പോഴും അപകടത്തില്‍പെടുന്നുമുണ്ട്.
ഒരു വര്‍ഷത്തിനിടെ എട്ട് പേരാണ് പുതുവൈപ്പില്‍ മാത്രം ഇപ്രകാരം മരിച്ചത്. ആഴമുള്ള സ്ഥലമോ മറ്റോ ഇവിടെ രേഖപ്പെടുത്തിയിട്ടില്ലാത്തതും സന്ദര്‍ശകരെ അപകടക്കെണിയില്‍ കുരുക്കുന്നുണ്ട്. കുന്നുകൂടിയ മാലിന്യങ്ങള്‍ നീക്കാത്തതും ആരോഗ്യപ്രശ്‌നത്തിന് കാരണമാകുന്നുണ്ട്. ലൈഫ് ഗാര്‍ഡ് ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യം എല്ലാബീച്ചുകളിലും ഒരുക്കണമെന്ന ആവശ്യമാണ് ശക്തമായി ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."