തീര്‍ഥാടകര്‍ വര്‍ധിച്ചതോടെ കൂടുതല്‍ സര്‍വിസിന് വിമാനക്കമ്പനികള്‍- കേരളത്തില്‍ നിന്ന് 84 ഹജ്ജ് വിമാനങ്ങള്‍
മലപ്പുറം: കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ച തീര്‍ഥാടകരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ അഡിഷനല്‍ സര്‍വിസിനൊരുങ്ങി വിമാനക്കമ്പനികള്‍. കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസും കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് സഊദി എയര്‍ലൈന്‍സുമാണ് ഹജ്ജ് സര്‍വിസ് നടത്തുന്നത്. മൂന്നിടങ്ങളിലായി 84 ഹജ്ജ് വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ എണ്ണം കൂടിയതോടെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് അഡിഷനല്‍ സര്‍വിസുകള്‍ വേണ്ടിവരും. കേരളത്തില്‍ നിന്ന് ഈവര്‍ഷം ഇതുവരെ 18,019 പേര്‍ക്കാണ് അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 11,252 പേരായിരുന്നു തീര്‍ഥാടനത്തിന് പോയത്.
കരിപ്പൂരില്‍ നിന്ന് ഈമാസം 21 മുതലാണ് ഹജ്ജ് സര്‍വിസുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്നത്. 21 മുതല്‍ ജൂണ്‍ ഒന്‍പത് വരെയുള്ള 20 ദിവസങ്ങളിലായി 59 സര്‍വിസുകളാണ് എയര്‍ഇന്ത്യ നടത്തുന്നത്. ആദ്യ വിമാനം 21ന് പുലര്‍ച്ചെ 12.05ന് പുറപ്പെടും. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനമായിരിക്കുമിത്. 165 പേര്‍ വീതമാണ് എയര്‍ഇന്ത്യ ഓരോ വിമാനത്തിലും കൊണ്ടുപോകുന്നത്. ഇതു പ്രകാരം 9,794 പേര്‍ക്കുള്ള സീറ്റുകള്‍ എയര്‍ഇന്ത്യ എക്സ്പ്രസ് ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ കരിപ്പൂരില്‍ നിന്ന് 10,371 പേരാണ് ഹജ്ജിന് പോകുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ യാത്ര റദ്ദാക്കുന്നവരുടെ എണ്ണം കൂടിയാല്‍ കേരളത്തില്‍ ഇനിയും കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. ഇതോടെ തീര്‍ഥാടകരുടെ എണ്ണം വീണ്ടും കൂടും. നിലവില്‍ അഞ്ചിലേറെ അധിക സര്‍വിസുകള്‍ കരിപ്പൂരില്‍ നിന്ന് എയര്‍ഇന്ത്യ നടത്തേണ്ടി വരും. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കാണ് വിമാനങ്ങള്‍ പോകുന്നത്. ജൂലൈ ഒന്നുമുതല്‍ 22 വരെയാണ് ഹജ്ജ് കഴിഞ്ഞുള്ള മടക്ക സര്‍വിസ് മദീന വഴി ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയില്‍ നിന്ന് ഈ മാസം 26 മുതല്‍ ജൂണ്‍ 9 വരെയും കണ്ണൂരില്‍ നിന്ന് ജൂണ്‍ ഒന്നുമുതല്‍ 9 വരെയുമാണ് വിമാന ഷെഡ്യൂള്‍ സഊദി എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ നിന്ന് 4239 തീര്‍ഥാടകര്‍ക്കായി 16 സര്‍വിസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. 280 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് യാത്രക്കായി ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് 3113 തീര്‍ഥാടകരാണ് നിലവിലുള്ളത്. ജൂണ്‍ ഒന്ന് മുതല്‍ ഒമ്പത് സര്‍വിസുകളാണ് സഊദി എയര്‍ലൈന്‍സ് നടത്തുന്നത്. കണ്ണൂരില്‍ രണ്ട് അഡീഷനല്‍ സര്‍വിസുകള്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."