ഡാം ടോപ്പ് സൗരോര്‍ജ വൈദ്യുതി നിലയം നാടിന് സമര്‍പ്പിച്ചു
പടിഞ്ഞാറത്തറ: ബാണാസുരസാഗറില്‍ ഡാം ടോപ്പ് സൗരോര്‍ജ നിലയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനവും പദ്ധതി സമര്‍പ്പണവും വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. കേരളത്തില്‍ വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ 500 മെഗാ വാട്ട് സൗരോര്‍ജ വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
സൗരോര്‍ജ വൈദ്യുത ഉത്പാദനം കേരളത്തിന് മുതല്‍ക്കൂട്ടാണ്. മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് താമസിയാതെ സര്‍ക്കാര്‍ ഓഫിസുകള്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒഴുകുന്ന സൗരോര്‍ജ പാടത്തിന്റെ പരീക്ഷണ വിജയത്തിനുശേഷമുള്ള രണ്ടാംഘട്ട സൗരോര്‍ജ വൈദ്യുത ഉത്പാദനമാണിത്. 400 കിലോവാട്ട് ശേഷിയുള്ള പദ്ധതിയില്‍ പ്രതിവര്‍ഷം ശരാശരി അഞ്ചുലക്ഷം യൂനിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവും. ഇതിനായി 250 വാട്ട് ശേഷിയുള്ള 1760 സോളാര്‍ പാനലുകളും ഡി.സി വൈദ്യുതിയെ എ.സി വൈദ്യുതിയാക്കുന്ന 50 കിലോവാട്ട് ശേഷിയുള്ള ഒന്‍പത് ഇന്‍വര്‍ട്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
685 മീറ്റര്‍ നീളമുള്ള ഡാം പാത്ത് വേയില്‍ 285 മീറ്ററിലാണ് ഇപ്പോള്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ 400 മീറ്ററില്‍ കൂടി പാനലുകള്‍ സ്ഥാപിക്കും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറത്തറ 33 കെ.വി. സബ് സ്റ്റേഷനിലേക്കാണ് പ്രവഹിക്കുക. 4.293 കോടി രൂപ ചെലവില്‍ കെല്‍ട്രോണാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. അണക്കെട്ടിന് മുകളിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വെയിലും മഴയും ഏല്ക്കാതെ ഇതിനടിയിലൂടെ നടക്കാനുള്ള സൗകര്യവും ഇതോടെ യാഥാര്‍ഥ്യമായി. വൈദ്യുതി ഉല്പാദനത്തിന് പുറമെ വിനോദ സഞ്ചാരത്തില്‍ നിന്നുമുള്ള വരുമാനത്തിലും മുന്‍പന്തിയില്‍ നില്ക്കുന്ന ഹൈഡല്‍ കേന്ദ്രമായി ബാണാസുരസാഗര്‍ മാറുകയാണ് നിലവില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."