കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു; ഇരുവരും ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തുക്കളായത് ഒരുമാസം മുൻപ്
കൊല്ലം: കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവതിയെയും യുവാവിനെയും തിരിച്ചറിഞ്ഞു. എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പിൽ) മധുവിന്റെ മകൾ മീനാക്ഷി (18), ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പൊലിസ് അറിയിച്ചു.
ചൊവാഴ്ച വൈകിട്ട് 5.30ന് കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് ഇവർ മരിച്ചത്. റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്കായിരുന്നു ട്രെയിൻ.
സിനിമ കാണാന്‍ പോകുന്നു എന്നുപറഞ്ഞാണ് അനന്തു വീട്ടില്‍നിന്ന് ഇറങ്ങിയത്. തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. കൊല്ലം ഫാത്തിമ മാതാ കോളജിലെ മലയാളം ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് അനന്തു. മീനാക്ഷി പ്ലസ്ടു കഴിഞ്ഞിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."