ഇന്ത്യൻ ഹാജിമാർ മക്കയിൽ: ജിദ്ദ വിമാനത്താവളം വഴിയുള്ള വരവും ആരംഭിച്ചു
മക്ക: ഇന്ത്യയിൽ നിന്നെത്തിയ ഹാജിമാർ വിശുദ്ധ മക്കയിലെത്തി. മദീന വഴി എത്തിയ ഹാജിമാർ മക്കയിൽ എത്തിയതിനു പുറമെ ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവും ആരംഭിച്ചു. മദീന വഴിയെത്തിയ ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം വെള്ളിയാഴ്ച വെകീട്ടോടെയാണ് മക്കയിൽ എത്തിയത്.
മദീനയിൽ നിശ്ചിത ദിവസം താമസം പൂർത്തീകരിച്ച ശേഷമാണ് ഇവർ മക്കയിലേക്ക് തിരിക്കുന്നത്. വരും ദിവസങ്ങളിൽ മക്കയിലേക്കുള്ള മദീന ഹാജിമാരുടെ പ്രയാണം തുടരും. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിനു കീഴിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ തയ്യാറാക്കിയ പ്രത്യേക ബസുകളിലാണ് ഇന്ത്യൻ ഹാജിമാരുടെ മക്ക യാത്ര. ജിദ്ദ വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ ആദ്യ സംഘം വ്യാഴാഴ്ച രാത്രിയാണ് ആദ്യ ഹജ്ജ് സംഘം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള ഹജ്ജ് ടെർമിനൽ വഴി എത്തിയത്.
ശ്രീനഗർ, ഗുവാഹത്തി എന്നീ എംബാർക്കേഷൻ പോയിന്റുകളിൽനിന്നു 644 തീർഥാടകരാണ് ആദ്യമായി ജിദ്ദയിലെത്തിയത്. ജിദ്ദ എയർപോർട്ടിൽ നിന്ന് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ ഇവരെ മക്കയിലെ താമസസ്ഥലത്തു എത്തിച്ചു. രാത്രി ഒരു മണിയോടെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും മലയാളി സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊഷ്മള സ്വീകരണം ഒരുക്കിയിരുന്നു. സ്വാഗത ഗാനം ആലപിച്ചും സമ്മാനങ്ങൾ കൈമാറിയും ഹാജിമാർക്ക് മക്കയിൽ ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്.
താമസസ്ഥലത്ത് നിന്നും വെള്ളിയാഴ്ച രാവിലെ ഹാജിമാർ ബസ് മാർഗം, നാട്ടിൽ നിന്നെത്തിയ ഹജ്ജ് വളന്‍റിയർമാരുടെ നേതൃത്വത്തിൽ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. താമസ കേന്ദ്രങ്ങളിൽ നിന്നും ഹറമിലേക്കുള്ള ഷട്ടിൽ ബസ് സൗകര്യങ്ങളും ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും ഹാജിമാർക്ക് ഇതിൽ യാത്ര ചെയ്യാനാവും. ഇന്ത്യയിൽനിന്നു ജിദ്ദ വഴി വരുംദിനങ്ങളിൽ കൂടുതൽ ഹാജിമാർ എത്തി തുടങ്ങും.
മദീന വഴിയെത്തിയ ഹാജിമാരുടെ മടക്കം ഹജ്ജിനു ശേഷം ജിദ്ദ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ മദീനയിൽ ഇറങ്ങിയ ഹാജിമാർ ജിദ്ദ വഴിയും നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."