സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികളുടെ ഉന്നമനത്തിനെന്നും മറ്റ് ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കരുതെന്നും ഹൈക്കോടതി
കൊച്ചി: വിദ്യാലയങ്ങളിലെ ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങളെന്നും പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസപരമല്ലാത്ത കാര്യങ്ങള്‍ക്കുപോലും ഉപയോഗിക്കാമെന്ന സങ്കല്‍പ്പം പഴഞ്ചനാണെന്നും ജസ്റ്റിസ്. കുട്ടികളെ മികച്ച പൗരന്മാരായി വളര്‍ത്താന്‍ കഴിയും വിധം വിദ്യാഭ്യാസത്തിന്റെ അത്യുന്നതങ്ങളിലെത്തിക്കാന്‍ ശ്രമിക്കുന്ന ആധുനിക കാലത്ത് നമ്മുടെ ചിന്തകള്‍ക്കും മാറ്റമുണ്ടാകണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം മണ്ണന്തല ഗവ. സ്‌കൂള്‍ ഓപണ്‍ ഓഡിറ്റോറിയം മതപരമായ ഒരു ചടങ്ങ് നടത്താന്‍ ആവശ്യപ്പെട്ടിരുന്നു.
പ്രധാനാധ്യാപിക അത് വിട്ടുനല്‍കിയില്ല. ഈ നടപടി ചോദ്യം ചെയ്ത് എസ്എന്‍ഡിപി യോഗം മണ്ണന്തല ശാഖ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പ്രസ്താവന. സ്‌കൂള്‍ സമയത്തിന് ശേഷം പരിപാടി സംഘടിപ്പിക്കാനാണ് അനുമതി തേടിയതെന്നും കാരണമില്ലാതെയാണ് ആവശ്യം നിരസിച്ചതെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. മറ്റ് പല സംഘടനകളുടെയും പരിപാടികള്‍ക്ക് സ്‌കൂള്‍ മൈതാനം മുമ്പ് വിട്ടുനല്‍കിയതും ഇവര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, കുട്ടികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മറ്റൊന്നിനും സ്‌കൂളും സൗകര്യങ്ങളും ഉപയോഗിക്കാനാവില്ലെന്ന ഹൈക്കോടതിയുടെതന്നെ മുന്‍ ഉത്തരവുകള്‍ മുന്‍നിര്‍ത്തിയാണ് പ്രധാന അധ്യാപിക ഈ നിലപാട് സ്വീകരിച്ചതെന്ന് കോടതി വ്യക്തമാക്കി. സാധാരണ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നിടങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍. ഈ കുട്ടികളെ സാധ്യമായത്രയും ഉന്നതിയിലെത്തിക്കുകയെന്നത് സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."