കാട്ടാനശല്യം തുടരുന്നു; ജനം ദുരിതത്തില്‍
മണ്ണാര്‍ക്കാട്: ആനമൂളിയില്‍ കാട്ടാനശല്ല്യം ജനങ്ങളെയും വനം വകുപ്പിനെയും പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ രണ്ടുമാസത്തോളമായി മേഖലയില്‍ കറങ്ങിത്തിരിയുന്ന കാട്ടാനക്കൂട്ടമാണ് മേഖലയില്‍ ഭീതി പരത്തുന്നത്. പകല്‍ സമയങ്ങളില്‍ കാട്ടിനുള്ളിലേക്കു വലിയുന്ന കാട്ടാനക്കൂട്ടം നേരം ഇരുട്ടുന്നതോടെ ജനവാസ മേഖകളിലും കൃഷിയിടങ്ങളിലും വിഹരിക്കുകയാണ്. ഓണ വിപണി പ്രതീക്ഷിച്ചു കൃഷിയിറക്കിയ വാഴക്കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ കൃഷി നാശം മൂലം ദുരിതത്തിലായിരിക്കുകയാണ്.
ആനമൂളി, മെഴുകുംപാറ, നീര്‍ച്ചപ്പാറ, ഉരുളംകുന്ന് ചിറപ്പാടം, ചകിടികുളം തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നത്. അട്ടപ്പാടി ചുരത്തിലും മിക്ക ദിവസങ്ങളിലും കാട്ടാനശല്ല്യമുണ്ട്. ഞായറാഴ്ച മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനിടെ വനം വകുപ്പ് മെഴുകുംപാറ ഉള്‍വനത്തിലേക്കു കയറ്റിവിട്ട കാട്ടാനക്കൂട്ടം രാത്രി ഏഴോടെ ആനമൂളി ഉരുളംകുന്നിലെത്തി കൃഷി നാശമുണ്ടാക്കി. സാധാരണ ഒരാഴ്ചയില്‍ കൂടുതല്‍ തുടര്‍ച്ചയായി കാട്ടാനകള്‍ ഒരേ സ്ഥലത്തു തങ്ങാറില്ല. എന്നാല്‍ ആനമൂളിയില്‍ കഴിഞ്ഞ രണ്ടുമാസത്തോളമായി ആറംഗ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുകയാണ്. ഈ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു വീട്ടമ്മ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. മേഖലയില്‍ രാത്രിയായാള്‍ വീടിനുപുറത്തിറങ്ങാന്‍ പോലും പ്രദേശവാസികള്‍ ഭയപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."