കൊല്ലപ്പെട്ടു; ഇറാന്‍ പ്രസിഡന്റ് ഉള്‍പെടെ തകര്‍ന്ന ഹെലികോപ്ടറിലെ ആരും ജീവനോടെ ശേഷിക്കുന്നില്ലെന്ന് സ്ഥിരീകരണം
തെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാനും ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ് ഇവരുള്‍പ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയത്. തെരച്ചിലിനിടെ ഹെലികോപ്ടര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട് പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു. ഹെലികോടപ്ടറിലെ മുഴുവന്‍ യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം.
പ്രസിഡന്റിനേയും വിദേശകാര്യമന്ത്രിയേയും കൂടാതെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി,കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവ് മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്.
ഇറാന്‍ അസര്‍ബൈജാന്‍ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടറാണ് തെഹ്‌റാനില്‍നിന്ന് 600 കിലോമീറ്റര്‍ അകലെ ജുല്‍ഫയിലെ വനമേഖലയില്‍ ഇടിച്ചിറങ്ങിയത്. ഇറാന്റെ ഭാഗമായ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയുടെ ഗവര്‍ണരും ഹെലികോപ്ടറില്‍ കൂടെയുണ്ടായിരുന്നു. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകള്‍ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
ദുര്‍ഘടമായ മലമ്പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞുള്ള കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാക്കിയിരുന്നു. തുര്‍ക്കിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. തുര്‍ക്കിയ അയച്ച അകിന്‍സി നിരീക്ഷണ ഡ്രോണാണ് മേഖലയില്‍ താപനില കൂടിയ പ്രദേശം കണ്ടെത്തിയത്. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."