കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റില്‍ ഗവര്‍ണര്‍ നിയമിച്ച നാല് അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ചാന്‍സലറെന്ന നിലയില്‍ സ്വന്തം തീരുമാനപ്രകാരം സെനറ്റ് നിയമനം നടത്താമെന്ന ഗവര്‍ണറുടെ വാദമാണ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
സര്‍ക്കാരിന്റെ ശുപാര്‍ശ ഇല്ലാതെ ഗവര്‍ണര്‍ നടത്തിയിരിക്കുന്ന നാല് സെനറ്റ് അംഗങ്ങളുടെ നിയമനം റദ്ദാക്കിയതിനു പിന്നാലെ ആറ് ആഴ്ചയ്ക്കകം പുതിയ നിയമനം നടത്തണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.
സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക അവഗണിച്ചാണ് ഗവര്‍ണര്‍ സ്വന്തം നിലയില്‍ പ്രതിനിധികളെ നോമിനേറ്റ് ചെയ്തത്. ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഇവരെല്ലാം എബിവിപി പ്രവര്‍ത്തകരായിരുന്നു എന്നും രാഷ്ട്രീയ പശ്ചാത്തലം നോക്കിയാണ് നാമനിര്‍ദേശം ചെയ്തതെന്നുമായിരുന്നു പ്രധാന ആരോപണം.
ആര്‍ട്‌സ് മേഖലയിലോ കലോത്സവങ്ങളിലോ പ്രാവീണ്യമോ സമ്മാനങ്ങളോ നേടിയവരെയാണ് സാധാരണ വിദ്യാര്‍ത്ഥി പ്രതിനിധികളായി നാമനിര്‍ദേശം ചെയ്യാറുള്ളത്. എന്നാല്‍ ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളില്‍ പ്രാവീണ്യം ഉള്ളവരായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വകലാശാല സമര്‍പ്പിച്ച പട്ടികയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. എന്തു കൊണ്ടാണ് ഇവരെ പരിഗണിക്കാതിരുന്നതെന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."