ബിരുദപഠനം നാല് വര്‍ഷത്തിലെത്തുമ്പോള്‍; നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി
ഡോ. കെ. മുഹമ്മദ് കബീര്‍
[email protected]
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (National Education Policy NEP) ഭാഗമായി ഈ വര്‍ഷം മുതല്‍ കേരളത്തിലെ കോളജുകളില്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ധാരാളം സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ നമുക്കു നോക്കാം.
എന്താണ് നാല് വര്‍ഷ ബിരുദ പ്രോഗ്രാം
(Four Year Under Graduate Program FYUGP)
പരമ്പരാഗതമായി കോളജുകളില്‍ മൂന്നു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആണ്. എന്നിരുന്നാലും ഒരു വിദ്യാര്‍ഥിക്ക് മൂന്നു വര്‍ഷം കൊണ്ട് ബിരുദം പൂര്‍ത്തിയാക്കാനുള്ള അവസരവും ഉണ്ട്. എന്നാല്‍ നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഡിഗ്രി ഓണേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും കൃത്യമായി ചിന്തിച്ചു വേണം പ്രോഗ്രാം തിരഞ്ഞെടുക്കാന്‍.
നാല് വര്‍ഷ കോഴ്‌സുകളില്‍ തൊഴില്‍ പഠനം ഉള്‍പ്പെട്ടത്തോടെ സംസ്ഥാനത്തെ കോളജുകളില്‍ തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാനും ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിക്കാനും തൊഴില്‍ പഠനവും തൊഴില്‍ പരിശീലനവും ഉറപ്പ് വരുത്താനും സര്‍ക്കാര്‍ ശ്രമിക്കണം. അസാപ്, കെല്‍ട്രോണ്‍ തുടങ്ങിയ ഏജന്‍സികളുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോളജുകള്‍ക്ക് മറ്റ് ഏജന്‍സികളുമായി കൈകോര്‍ത്തു സര്‍ക്കാര്‍ അംഗീകാരത്തോടെ പുതിയ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങാം. വ്യവസായ മേഖലയിലെ വിധഗ്ധര്‍ ഉള്‍പ്പെട്ട സംഘം പദ്ധതികള്‍ തയാറാക്കുകയും സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കുകയും ചെയ്യും. മൂന്നു വര്‍ഷത്തിനു ശേഷം നാലാം വര്‍ഷമാണ് തൊഴില്‍ അധിഷ്ഠിത കോഴ്‌സുകള്‍ തുടങ്ങുക.
പുതിയ പഠനത്തിന്റെ പ്രത്യേകതകള്‍
വിഷയങ്ങളെ മേജര്‍, മൈനര്‍ എന്നിങ്ങനെ തിരിച്ചിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പലതരം ബിരുദ പ്രോഗ്രാമുകളുണ്ട്. കോളജുകളില്‍ വിദ്യാര്‍ഥിയുടെ അഭിരുചിക്ക് അനുസരിച്ചുള്ള ബിരുദ പ്രോഗ്രാം ഡിസൈന്‍ ചെയ്യാം. കോംപിനേഷനും വിദ്യാര്‍ഥിക്കു തിരഞ്ഞെടുക്കാം. മേജര്‍ വിഷയത്തോടൊപ്പം പഠിക്കേണ്ട മൈനര്‍ വിഷയങ്ങള്‍ വിദ്യാര്‍ഥിക്കു തന്നെ തിരഞ്ഞെടുക്കാം. 3 വര്‍ഷം കഴിഞ്ഞാല്‍ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടാം. അല്ലെങ്കില്‍ നാലാം വര്‍ഷവും തുടര്‍ന്ന് ഓണേഴ്‌സ് ബിരുദം നേടാം. നിശ്ചയിച്ചിരിക്കുന്നതിലും കുറഞ്ഞ സമയം കൊണ്ടും പഠിച്ചുതീര്‍ക്കാം. 6 സെമസ്റ്റര്‍ പ്രോഗ്രാം 5 സെമസ്റ്ററില്‍ തീര്‍ക്കാനും 8 സെമസ്റ്റര്‍ 7 സെമസ്റ്റര്‍ കൊണ്ട് പൂര്‍ത്തിയാക്കാനും സാധിക്കും. വേണമെങ്കില്‍ ഇടയ്ക്കു ബ്രേക്ക് എടുത്ത് 6 വര്‍ഷം വരെ നീട്ടാനും അവസരമുണ്ട്. എന്‍.സി.സി, എന്‍.എസ്.എസ്, ആര്‍ട്‌സ്, സ്‌പോര്‍ട്‌സ്, കോളജ് യൂനിയന്‍ പ്രവര്‍ത്തനം എന്നിവയിലെ പങ്കാളിത്തത്തിനു ക്രെഡിറ്റുകള്‍ കിട്ടും. ഇവയിലെ മികച്ച അക്കാദമിക പ്രകടനത്തിന് ഗ്രേസ് മാര്‍ക്കും. തിരഞ്ഞെടുത്ത വിഷയവുമായി മുന്നോട്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ആദ്യ രണ്ടു സെമസ്റ്ററിനു ശേഷം വിഷയം മാറാം. ഒരു തവണ മാത്രമേ ഇങ്ങനെ മാറ്റാന്‍ പറ്റുകയുള്ളു. നിലവിലെ കോളജില്‍നിന്നു മറ്റൊരു കോളജിലേക്കോ മറ്റൊരു സര്‍വകലാശാലയിലേക്കോ മാറാം.സയന്‍സ് വിഷയങ്ങള്‍ക്കൊപ്പം കൊമേഴ്‌സ്, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ് ഉള്‍പ്പെടെ പഠിക്കാം. സാഹിത്യമോ, സംഗീതമോ പഠിക്കാം.
ഏതെല്ലാം പ്രോഗ്രാമുകള്‍
1) മൂന്നു വര്‍ഷ അണ്ടര്‍ ഗ്രാജ്വേഷന്‍: ബി.എസ്.സി, ബി.എ, ബി.കോം ബിരുദം. 3 വര്‍ഷം കഴിഞ്ഞാല്‍ എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് പഠനം നിര്‍ത്താം. ഇവര്‍ക്കു പിന്നീട് പി.ജി ചെയ്യണമെങ്കില്‍ 2 വര്‍ഷം തന്നെ വേണം.
2) നാലു വര്‍ഷ ബിരുദം (ഓണേഴ്‌സ്): ഇതു പൂര്‍ത്തിയാക്കിയാല്‍ പിന്നീട് പി.ജി ഒരു വര്‍ഷം മാത്രം. പി.ജി രണ്ടാം വര്‍ഷത്തിലേക്കു നേരിട്ടു ലാറ്ററല്‍ എന്‍ട്രി.
3) ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് :നാല് വര്‍ഷം പൂര്‍ത്തിയാക്കി ബിരുദം നേടുന്നവര്‍ക്ക് നേരിട്ട് റിസര്‍ച്ച് പഠനം നടത്താം. നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് നെറ്റ് പരീക്ഷ എഴുതാന്‍ സാധിക്കും.
നിലവിലുള്ള ബിരുദത്തിന്റെ ഫോര്‍മാറ്റ് (പാത്ത് വേ) ഒരു മെയിന്‍, രണ്ടോ മൂന്നോ സബ്‌സിഡിയറി എന്നതാണ്. എന്നാല്‍ 4 വര്‍ഷ ബിരുദത്തില്‍ പലതരം പഠന ഫോര്‍മാറ്റുകള്‍ ലഭ്യമാണ്. കോമേഴ്‌സ് ഉദാഹരണമായെടുത്തുപറയാം.
1) സിംഗിള്‍ മേജര്‍: കോമേഴ്‌സ് ആണു മേജര്‍ എങ്കില്‍ അതിനൊപ്പം അതേ കോളജിലെ മറ്റ് 6 വകുപ്പുകളില്‍നിന്ന് 6 കോഴ്‌സുകള്‍ വരെ മൈനറായി പഠിക്കാം. ഇവയിലെല്ലാം ആഴത്തിലല്ലാതെയുള്ള പഠനത്തിന് അവസരമുണ്ട്.
2) മേജര്‍ വിത്ത് മള്‍ട്ടിപ്പിള്‍ ഡിസിപ്ലിന്‍സ്: നിലവിലുള്ള ബിരുദപഠനത്തിന്റെ അതേ മാതൃക. ഉദാ: ഫിസിക്‌സിനൊപ്പം മറ്റു രണ്ടു വിഷയങ്ങളും കൂടി പഠിക്കാം. മാത്സും കെമിസ്ട്രിയും മാത്രമല്ല, മാത്സ് കൊമേഴ്‌സ്, ഹിസ്റ്ററി, പൊളിറ്റിക്‌സ് തുടങ്ങിയ കോംപിനേഷനുകള്‍ വരെ സാധ്യം.
3) മേജര്‍ വിത്ത് മൈനര്‍: ഇത്തരം പ്രോഗ്രാമില്‍ പഠിക്കുന്ന മൈനര്‍ വിഷയത്തില്‍ പി.ജി പഠനം സാധ്യമാകും.
4) മേജര്‍ വിത്ത് വൊക്കേഷനല്‍ മൈനര്‍: തൊഴില്‍സാധ്യതയുള്ള വിഷയം മൈനറായി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് കോമേഴ്‌സിനൊപ്പം ഡേറ്റ അനലിറ്റിക്‌സ്. മറ്റ് വിഷയങ്ങള്‍ പഠിക്കാം.
5) ഡബിള്‍ മേജര്‍: രണ്ടു പ്രധാന വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കാം. ഉദാ: അക്കൗണ്ടിങ്, മാര്‍ക്കറ്റിങ്
6) മള്‍ട്ടിഡിസിപ്ലിനറി / ഇന്റര്‍ഡിസിപ്ലിനറി: 3 വ്യത്യസ്ത മേജര്‍ വിഷയങ്ങള്‍ ചേരുന്ന കോംപിനേഷന്‍. ഉദാഹരണത്തിന് ലൈഫ് സയന്‍സ്, മൈക്രോബയോളജി, ബയോടെക്‌നോളജി; അല്ലെങ്കില്‍ മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് അടങ്ങുന്ന ഡേറ്റ അനാലിസിസ് കോംപിനേഷന്‍. ആദ്യ 3 പാത്ത് വേകള്‍ വ്യാപകമായി എല്ലാ കോളജുകളിലുമുണ്ടാകും. എന്നാല്‍ അവസാന 3 എണ്ണം കോളജുകളും യൂനിവേഴ്‌സിറ്റികളും പ്രത്യേകമായി ചെയ്യുന്നതാണ്. അവ വ്യാപകമായി ലഭ്യമാകണമെന്നില്ല.
പുതിയ പഠനരീതിയില്‍ പ്രോജക്ട് ചെയ്യാന്‍ കൂടുതല്‍ മെച്ചപ്പെട്ട കോളജോ സര്‍വകലാശാലയോ തിരഞ്ഞെടുക്കാം. അവസാന സെമസ്റ്ററിലെ കോഴ്‌സ് തീര്‍ക്കാന്‍ പിന്നീട് കോളജിലേക്കു തിരിച്ചുവരണമെന്നില്ല.
ഓണ്‍ലൈനായി പഠിച്ചാലും മതി. മേജര്‍ വിഷയത്തിലോ അതോടനുബന്ധിച്ച വിഷയത്തിലോ ആയിരിക്കണം പ്രോജക്ട്. ഓണേഴ്‌സ് വിത് റിസര്‍ച്ച് ബിരുദത്തില്‍ കൂടുതല്‍ ആഴത്തിലുള്ള പ്രോജക്ട് പഠനമാണ്. ആദ്യ 6 സെമസ്റ്ററുകളില്‍ ആകെ 75% മാര്‍ക്ക് വേണം. അപ്രൂവ്ഡ് റിസര്‍ച്ച് സെന്ററിലായിരിക്കണം ഈ പ്രോജക്ട്. മാര്‍ഗനിര്‍ദേശം നല്‍കുന്നത് പിഎച്ച്.ഡി യോഗ്യതയുള്ളവരായിരിക്കണം. സയന്‍സ് വിഷയങ്ങളില്‍ മാത്രമല്ല, ഹ്യുമാനിറ്റീസ്, കൊമേഴ്‌സ്, ആര്‍ട്‌സ്, ഭാഷാ വിഷയങ്ങള്‍ക്കെല്ലാം പ്രാക്ടിക്കലുണ്ട്.
ഓണേഴ്‌സ് വിത് റിസര്‍ച്ച് വിഭാഗത്തില്‍ പി.ജി ചെയ്യുന്നില്ല എങ്കില്‍ അതു പിന്നീട് തുടര്‍പഠനത്തിന് ഒരിക്കലും തടസമാവില്ല. ഇവര്‍ക്കു നേരിട്ടു ഗവേഷണത്തിനു ചേരാം. ഗവേഷണത്തിന്റെ കോഴ്‌സ് വര്‍ക്ക് കഴിഞ്ഞാല്‍ പി.ജിക്കു തുല്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
മൂല്യനിര്‍ണയം
100 മാര്‍ക്കുള്ള പേപ്പറില്‍ ഇന്റേണല്‍, എക്‌സ്റ്റേണല്‍ മാര്‍ക്കുകള്‍ ചേര്‍ത്ത് 35 മാര്‍ക്ക് നേടിയിരിക്കണം. എക്‌സ്റ്റേണലിനു മാത്രമായി 30% (21 മാര്‍ക്ക്) നേടണം. ഇതു നേടാന്‍ കഴിഞ്ഞില്ലെങ്കിലോ പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കിലോ തൊട്ടടുത്ത ബാച്ചിനൊപ്പം പരീക്ഷ എഴുതാം.
ഗ്രേസ്മാര്‍ക്ക് എങ്ങനെ?
അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും എന്‍.സി.സി, എന്‍.എസ്.എസ്, കലാകായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിശ്ചിത കാലയളവിലെ പങ്കാളിത്തത്തിന് ക്രെഡിറ്റ് ലഭിക്കും. കോളജ് യൂണിയനിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്കും ക്രെഡിറ്റ് ലഭിക്കും. മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്.
ബിരുദം 3 വര്‍ഷം : നിലവില്‍ ഉള്ള ഡിഗ്രിക്ക് സാമാനം. മൂന്ന് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗിക്കാം
ഹോണേഴ്‌സ് ബിരുദം 4 വര്‍ഷം :പി ജി രണ്ടാം വര്‍ഷത്തേക്ക് നേരിട്ട് പ്രവേശനം നേടാം.
ഹോണേഴ്‌സ് വിത് റിസര്‍ച്ച് 4 വര്‍ഷം : പി.ജി ചെയ്യാതെ നേരിട്ട് ഗവേഷണം തുടങ്ങാം.
സവിശേഷതകള്‍
1)വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ചു വ്യത്യസ്തമായ കോഴ്‌സുകള്‍ തിരെഞ്ഞെടുക്കാം.
2) ഗവേഷണത്തിനും തൊഴിലിനും അവസരങ്ങള്‍ വര്‍ധിക്കും
3)രണ്ടാം സെമസ്റ്ററിനുശേഷം വിഷയങ്ങള്‍ മാറ്റിയെടുക്കാനും കോളജ് / യൂനിവേഴ്‌സിറ്റി മാറാനും അവസരം
4) 6 സെമസ്റ്റര്‍ കാലയളവില്‍ ഉള്ള വിഷയങ്ങള്‍ 5 സെമസ്റ്ററില്‍ പൂര്‍ത്തിയാക്കാം
5) ആവശ്യമെങ്കില്‍ ബ്രേക്ക് എടുക്കാം. പിന്നീട് 6 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയാവും.
കേരള സര്‍വകലാശാല മേജര്‍ കോഴ്‌സുകള്‍
ബയോളജി, ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ജിയോളജി, സൈക്കോളജി, ഹിന്ദി, മലയാളം കേരളാ സ്റ്റഡീസ്, ഇംഗ്ലിഷ്, സംസ്‌കൃതം, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, ബികോം ഓണേഴ്‌സ് വിത് റിസര്‍ച്ച്, ബി.ബി.എ ഓണേഴ്‌സ് വിത് റിസര്‍ച്ച്.
മൈനര്‍ പ്രോഗ്രാമുകള്‍
ഫിലോസഫി, ബയോകെമിസ്ട്രി, ആര്‍ക്കിയോളജി, നാനോസയന്‍സ് നാനോടെക്‌നോളജി, ബയോടെക്‌നോളജി, ജേണലിസം, മാനുസ്‌ക്രിപ്‌റ്റോളജി പാലിയോഗ്രഫി, ഇലക്ട്രോണിക്‌സ് ഫോട്ടോണിക്‌സ്, എന്‍വയോണ്‍മെന്റ് ക്ലൈമറ്റ് ചേഞ്ച് സയന്‍സ്, ഇംഗ്ലിഷ്, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ മാനേജ്‌മെന്റ്, റഷ്യന്‍ ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, തമിഴ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, എനര്‍ജി ആന്‍ഡ് ഫംഗ്ഷണല്‍ മെറ്റീരിയല്‍സ്, കെമിസ്ട്രി, ജര്‍മ്മന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യോളജി, സൈക്കോളജി, ഡേറ്റാ സയന്‍സ്, ഫ്രഞ്ച്, ബയോ സ്റ്റാറ്റിറ്റിക്‌സ് ആന്‍ഡ് ഡെമോഗ്രഫി, സംസ്‌കൃത ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, സപ്ലൈ ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി, സ്റ്റാറ്റിറ്റിക്‌സ്, ഡേറ്റാ അനാലിസിസ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി ലോ ആന്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ബോട്ടണി, ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, സുവോളജി, മലയാളം ആന്‍ഡ് കേരളാ സ്റ്റഡീസ്, ഹിന്ദി, ഫിസിക്‌സ്, ഫിഷറീസ് സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍, മറൈന്‍ ബയോളജി, അക്വാട്ടിക് സയന്‍സ് ആന്‍ഡ് ഫിഷറീസ്, ജിയോളജി, മാത്തമാറ്രിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നിവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."