മികച്ച ജീവിതനിലവാരത്തില്‍ വന്‍ നഗരങ്ങളെ പിന്തള്ളി കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊച്ചി
കോട്ടയം: ജീവിക്കാന്‍ മികച്ചത് തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊച്ചി നഗരങ്ങളാണെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ഗ്ലോബല്‍ സിറ്റീസ് ഇന്‍ഡക്‌സ്. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെയുള്ള വന്‍നഗരങ്ങളേക്കാള്‍ ജീവിക്കാന്‍ മികച്ചത്
ഈ നഗരങ്ങളാണെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക സാഹചര്യങ്ങള്‍, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളില്‍ പഠനം നടത്തിയാണ് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് ലോകത്തിലെ 1000 നഗരങ്ങളെ ഉള്‍പ്പെടുത്തി സൂചിക തയാറാക്കിയത്. ഇതില്‍ ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങള്‍ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിയത്. തലസ്ഥാന നഗരിയായ ഡല്‍ഹിയും സാമ്പത്തിക തലസ്ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും വരെ ജീവിതനിലവാര സൂചികയില്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും കൊച്ചിക്കുമൊക്കെ പിന്നിലാണ്.
നഗരങ്ങളിലെ സാമ്പത്തിക-ആരോഗ്യ സുസ്ഥിതി, ജീവിതസൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ആകര്‍ഷകത്വം, താമസച്ചെലവു കുറവ്, വിനോദ-സാംസ്‌കാരിക അവസരം, ഇന്റര്‍നെറ്റ് സ്പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയില്‍ തിരുവനന്തപുരത്തിനു ആഗോള റാങ്ക് 748. കോട്ടയം 753, തൃശൂര്‍ 757, കൊച്ചി 765, ഡല്‍ഹി-838, ഹൈദരാബാദ്-882, ബെംഗളൂരു-847, മുംബൈ-915. മൊത്തം റാങ്കിങ്ങില്‍ ഡല്‍ഹിയുടെ ആഗോള സ്ഥാനം 350, ബെംഗളൂരു 411, മുംബൈ 427, കൊച്ചി 521, തൃശൂര്‍ 550. മറ്റു കേരള നഗരങ്ങള്‍ 600നു താഴെയാണ്.
ഒന്നാം സ്ഥാനത്ത് ന്യൂയോര്‍ക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."