മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾക്ക് കൂടി തുറന്നു; ജാഗ്രത നിർദേശം
കൊച്ചി: മഴ ശക്തമായതോടെ ജലനിരപ്പ് ഉയർന്ന മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഡാം തുറന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരു നദിയുടെയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതമാണ് ഉയർത്തിയിട്ടുള്ളത്. നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. മണിക്കൂറുകള്‍ നീണ്ട മഴയില്‍ പല ജില്ലകളിലും വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടായി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വെള്ളം കയറി. ഐ.സി.യുവിനുള്ളിലും താഴത്തെ നിലയിലെ രണ്ടു വാര്‍ഡുകളിലുമാണ് വെള്ളം കയറിയത്. വെള്ളം കയറിയതിനെ തുടര്‍ന്ന് ലിഫ്റ്റ് പ്രവര്‍ത്തന രഹിതമായി. പന്തീരങ്കാവ് കൊടല്‍നടക്കാവില്‍ ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ സംരക്ഷണ ഭിത്തി വീടിനു മുകളിലേക്ക് തകര്‍ന്നു വീണു.
ബാലുശ്ശേരി മുക്കില്‍ വെള്ളം കയറി. പത്തോളം കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. നന്മണ്ട പഞ്ചായത്തില്‍ 3 താല്‍ക്കാലിക ക്യാംപുകള്‍ തുറന്നു. ബാലുശേരി കോട്ടനട പുഴ കരകവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. 6 കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."