കോഴിക്കോട്ടുനിന്ന് ഗള്‍ഫിലേക്കുള്ള കപ്പല്‍ സര്‍വീസ്: രണ്ടു കമ്പനികള്‍ തയാര്‍
കോഴിക്കോട്: കേരളത്തിനും ഗള്‍ഫ് നാടുകള്‍ക്കും ഇടയില്‍ യാത്രാ കപ്പല്‍ സര്‍വിസ് നടത്തുന്നതിന് രണ്ടു കമ്പനികള്‍ തയാര്‍. കേരള മാരിടൈം ബോര്‍ഡുമായി ഒന്നാംഘട്ട ചര്‍ച്ച നടത്തിയ ഈ കമ്പനികള്‍ ഉടനെ വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള രണ്ടെണ്ണമടക്കം നാലു കമ്പനികള്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ രണ്ടു കമ്പനികള്‍ പിന്‍മാറി. കോഴിക്കോട് ജബല്‍ വെഞ്ച്വേഴ്‌സുമായും ഒരു തമിഴ്‌നാട് കമ്പനിയുമായും ചര്‍ച്ച നടന്നു. വലിയ കപ്പലുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വിസ് നടത്താന്‍ തയാറാണെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കും.
യാത്രാ കപ്പല്‍ സര്‍വിസുമായി ബന്ധപ്പെട്ട് ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സര്‍വേ മാരിടൈം ബോര്‍ഡ് നടത്തിയിരുന്നു. ടിക്കറ്റ് നിരക്ക് 20,000 രൂപയില്‍ താഴെയാകണമെന്നതടക്കമുള്ള നിര്‍ദേശങ്ങളും ഇതില്‍ ലഭിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് വിദേശ നാടുകളിലേക്ക് നിലവില്‍ യാത്രാ കപ്പല്‍ സര്‍വിസ് ഇല്ല. ദുബൈയിലേക്ക് കേരളത്തില്‍ നിന്ന് 1550 നോട്ടിക്കല്‍ മൈല്‍ ദൂരമുണ്ട്. മൂന്നു ദിവസത്തിലേറെ എടുക്കുന്ന യാത്രക്ക് വലിയ ആഡംബര കപ്പലുകളേ ഉപയോഗിക്കാനാവൂ.
വിനോദവും സാഹസികതയും ഒപ്പം സാധാരണ യാത്രയും ലക്ഷ്യം വെക്കുന്ന പദ്ധതിക്കാണ് മാരിടൈം ബോര്‍ഡ് താല്‍പര്യപത്രം ക്ഷണിച്ചത്. മൂന്നിലേറെ ദിവസം എടുക്കുന്ന യാത്രയായതിനാല്‍ വിനോദ വിശ്രമ സൗകര്യം അനിവാര്യമാണെന്ന നിലയിലാണ് ഇങ്ങനെ ചെയ്തത്. ആഡംബരം ആവശ്യമുള്ളവര്‍ക്ക് അതിന് അവസരം നല്‍കുകയും വെറും യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. ടിക്കറ്റും ഈ നിലയില്‍ പല തട്ടിലാകും. സാധാരണ ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന കപ്പല്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തിലേക്ക് സമ്പന്ന ടൂറിസ്റ്റുകളെ എത്തിക്കുന്ന പദ്ധതിയുമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂര്‍, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്ന് സര്‍വിസ് നടത്തണമെന്നാണ് മാരിടൈം ബോര്‍ഡിന് താല്‍പര്യമെങ്കിലും കൊച്ചിയില്‍ നിന്നുള്ള നിര്‍ദേശം വന്നാലും പരിഗണിക്കുമെന്ന് എന്‍.എസ് പിള്ള വ്യക്തമാക്കി. ഇതിനാവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് കേരളം ഉറപ്പാക്കും. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കമ്പനികള്‍ നിര്‍ദേശം വച്ചിട്ടുണ്ട്. അതു പരിശോധിച്ചുവരികയാണെന്നും മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."