ദോഹ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം
കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദോഹയില്‍ നിന്നു പുറപ്പെട്ട യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് 22 മണിക്കൂറിനു ശേഷം. 4 മണിക്കൂര്‍കൊണ്ട് എത്തേണ്ട യാത്രക്കാരാണ് കാലാവസ്ഥ മോശമായതോടെ, കണ്ണൂരും മംഗളൂരുവും കൊച്ചിയും കറങ്ങി കരിപ്പൂരിലെത്തിയത്. ഇതിനിടെ, രാത്രി ഉറങ്ങിയത് മംഗളൂരുവിലെ നിര്‍ത്തിയിട്ട വിമാനത്തിലെന്നും യാത്രക്കാര്‍.ബുധനാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 3.30നു ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കയറിയ യാത്രക്കാര്‍ രാത്രി 7.25നു കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, കാലാവസ്ഥ മോശമായതോടെ കണ്ണൂരിലേക്കു തിരിച്ചുവിട്ടു. അവിടെയും ഇറക്കാനായില്ല. തുടര്‍ന്ന് മംഗളൂരുവിലേക്കു പറന്നു. രാത്രി ഒന്‍പതരയോടെ മംഗളൂരുവില്‍ ഇറക്കിയെങ്കിലും വിമാനത്തില്‍ തന്നെ ഇരിക്കേണ്ടി വന്നു. 11 മണിയോടെ വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശം ലഭിച്ചെങ്കിലും ഇറങ്ങിയില്ലെന്ന് യാത്രക്കാര്‍.
വിമാനത്തില്‍ തന്നെ ഇരുന്ന യാത്രക്കാര്‍ക്ക് പുലര്‍ച്ചെ മൂന്നരയോടെയാണു ഭക്ഷണം ലഭിച്ചതെന്നും എസി ഓഫ് ചെയ്ത വിമാനത്തിലിരുന്നാണു നേരം വെളുപ്പിച്ചതെന്നും യാത്രക്കാര്‍ പറഞ്ഞു. രാവിലെ 7നു പുറപ്പെടാമെന്നു നിര്‍ദേശം ലഭിച്ചെങ്കിലും 9 മണിയോടെയാണു പുറപ്പെട്ടതെന്നും ഇന്നലെ രാവിലെ 9.58ന് കരിപ്പൂരില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും യാത്രക്കാര്‍. എന്നാല്‍, കരിപ്പൂരിന്റെ ആകാശപരിധിയിലെത്തിയ വിമാനത്തിനു മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഇറങ്ങാനായില്ല. തുടര്‍ന്നു കൊച്ചിയിലേക്കു തിരിച്ചുവിട്ടു.
അവിടെനിന്നു റോഡ് മാര്‍ഗം നാട്ടിലേക്കു മടങ്ങാമെന്നു കരുതിയെങ്കിലും കൊച്ചിയില്‍ ഇറങ്ങാനും അനുമതി ലഭിച്ചില്ലെന്നും യാത്രക്കാര്‍. എമിഗ്രേഷന്‍ നടപടി സാധ്യമല്ലാത്തതാണു കാരണമായി പറഞ്ഞത്. വിമാനത്തില്‍ തുടര്‍ന്ന 2 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവരുടെ ലഗേജ് എടുത്ത ശേഷമാണ് വീണ്ടും കരിപ്പൂരിലേക്കു പറക്കുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണു വിമാനം കരിപ്പൂരില്‍ എത്തിയത്. ഒരു ദിവസത്തോളം വിമാനത്തില്‍ കഴിയേണ്ടിവന്നതും യഥാസമയം ഭക്ഷണം കിട്ടാത്തതും കാരണം പലരും അവശരായെന്നു യാത്രക്കാര്‍ പറഞ്ഞു. അതേസമയം, കാലാവസ്ഥ മോശമായതാണു പ്രശ്‌നമായതെന്നും യാത്രക്കാരെ നേരത്തെ എത്തിക്കാന്‍ എല്ലാ ശ്രമവും നടത്തിയിരുന്നെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."