ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഹൈസ്പീഡ് ട്രെയിൻ സർവ്വീസ്
ജിദ്ദ: ജിദ്ദയിൽ ഇറങ്ങുന്ന ഹാജിമാർക്ക് മക്കയിലേക്ക് ട്രെയിൻ സർവ്വീസും ലഭ്യമായിതുടങ്ങി. ആദ്യമായാണ് ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര സജ്ജമാകുന്നത്. ഇതോടെ, ഹാജിമാരുടെ വിമാനത്താവള മക്ക യാത്ര കൂടുതൽ എളുപ്പമാകും.
പരമ്പരാഗതമായി ജിദ്ദ എയർപോർട്ടിൽ എത്തുന്ന എല്ലാ ഹാജിമാരും സഊദി അധികൃതർ നൽകുന്ന ബസുകളിലാണ് മക്കയിലേക്ക് പോകുന്നത്. എന്നിരുന്നാലും, ഈ വർഷം ചില ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് ഹൈ സ്പീഡ് ഹർമെയ്ൻ ട്രെയിൻ ലഭിക്കാൻ ബന്ധപ്പെട്ട സഊദി അധികൃതരുമായി സഹകരിച്ച് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ജിദ്ദ അറിയിച്ചു.
ഈ വർഷം ഏകദേശം 32,000 ഹാജിമാർക്ക് ഈ എക്സ്ക്ലൂസീവ് സേവനം ഉപയോഗിക്കാൻ കഴിയുമെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇത് ഹാജിമാരുടെ യാത്ര വളരെ സുഖകരമാക്കുകയും ജിദ്ദയിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കുകയും ചെയ്യും. ജിദ്ദ- മക്ക ട്രെയിനിൻ്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 300 കിലോമീറ്ററാണ്.
ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷിയാകാനായി ഇന്ത്യൻ അംബാസഡർ ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സഊദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എഞ്ചിനീയർ അൽ ഹർബിയും ഹജ്ജ് മിനിസ്റ്റേയിൽ നിന്നും ഗതാഗത മന്ത്രാലയത്തിൽ നിന്നുമുള്ള മറ്റ് ഓഫീസുകളും മെട്രോ സ്റ്റേഷനിൽ എത്തിയിരുന്നു. ജിദ്ദ എയർപോർട്ടിൽ നിന്ന് മക്കയിലേക്കുള്ള ഇന്ത്യൻ ഹാജിമാരുടെ യാത്രയിൽ മുംബൈയിൽ നിന്ന് സഊദി എയർ ഫ്‌ളൈറ്റിലെത്തിയ ഹാജിമാർക്കാണ് ആദ്യ അവസരം ലഭിച്ചത്.
സഊദിയെ സംബന്ധിച്ചിടത്തോളം ജിദ്ദ എയർപോർട്ടിൽ നിന്ന് നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിത്. എല്ലാ വർഷവും ഇന്ത്യൻ അധികാരികൾ ഹജ് തീർത്ഥാടനം കൂടുതൽ സുഖകരവും തടസ്സരഹിതവുമാക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് ഹജ്ജ് മിഷ്യന്റെ മേൽനോട്ടത്തിൽ നടന്നുവരുന്നുണ്ട്. ഈ വർഷം ഇന്ത്യയിൽ നിന്ന് 175000 ഹാജിമാർ ഹജ്ജ് നിർവഹിക്കും. ഇവരിൽ 140000 പേർ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയാണ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."