മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അരിക്കടത്ത് വിവാദത്തില്‍ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാന്‍ അധ്യാപകരില്‍ നിന്ന് പണം ഈടാക്കും
മലപ്പുറം: മലപ്പുറം മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തില്‍ സാമ്പത്തിക നഷ്ടം തിരിച്ചു പിടിക്കാനൊരുങ്ങി ധനകാര്യ വകുപ്പ്. രാത്രിയുടെ മറവിലാണ് ഉച്ചഭക്ഷണ അരി കടത്തുന്നത്. സ്‌കൂളിലെ 7737 കിലോ അരി മോഷണം നടത്തിയതായി ധനകാര്യ പരിശോധന വിഭാഗത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. കിലോയ്ക്ക് 37.26 രൂപ നിരക്കില്‍ 2.88 ലക്ഷം രൂപ അധ്യാപകരില്‍ നിന്ന് ഈടാക്കണമെന്നാണ് ധനകാര്യവകുപ്പിന്റെ നിര്‍ദേശം. അധ്യാപകര്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്നും ക്രിമിനല്‍ നടപടി വേണമെന്നും ധനകാര്യ വകുപ്പ് ശുപാര്‍ശ ചെയ്തു.
അരിച്ചാക്കുകള്‍ സ്വകാര്യ വാഹനത്തില്‍ കടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അരിക്കടത്തിന് പിന്നില്‍ സ്‌കൂളിലെ അധ്യാപകരാണെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈന്‍ ബാബു പരാതി നല്‍കിയിട്ടുണ്ട്. നേരത്തേ ഈ സംഭവം പ്രധാനാധ്യാപകരടക്കമുളള സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തിയെന്നായിരുന്നു ഹുസൈന്‍ ബാബുവിന്റെ ആരോപണം.
അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള മുട്ടയും പാലും സ്‌കൂളില്‍ വിതരണം ചെയ്യുന്നില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുകയും ചെയ്തു. മുട്ടയും പാലും അടക്കം കടത്തിക്കൊണ്ടു പോകുന്നുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹുസൈന്‍ ബാബു മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിനല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."