രണ്ടരലക്ഷം വീതം പിരിക്കുന്നത് കെട്ടിടനിര്‍മാണ ഫണ്ടിനെന്ന ബാര്‍ ഉടമ സംഘടനയുടെ വാദം പൊളിയുന്നു
കെട്ടിടം വാങ്ങാന്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ നേതൃത്വം പണം ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷമാണ് അന്ന് നല്‍കിയത്. നാലുകോടി 63 ലക്ഷം രൂപ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുകയും ചെയ്തു. കെട്ടിടനിര്‍മാണത്തിനുള്ള ഭൂമിയുടെ റജിസ്ട്രേഷന് നടപടികള്‍ തുടങ്ങുകയും ചെയ്തു. പിന്നാലെയാണ് മദ്യനയത്തിലെ ഇളവിനായി പണം രൂപ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്തു വരുന്നത്. ഇതോടെ ഇത് കെട്ടിട നിര്മാണപിരിവാണെന്ന് പറഞ്ഞ് അസോസിയേഷന് നേതാക്കള്‍ രംഗത്തെത്തുകയായിരുന്നു.
ഇതിനിടെ ബാര്‍ കോഴ വിവാദത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ബാര്‍ ഉടമ അനിമോനെ ചോദ്യം ചെയ്യാന്‍ പൊലിസ് ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം ഇന്ന് തൊടുപുഴയിലെത്തും. അനിമോന്റെ വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാല്‍ ശബ്ദരേഖ പുറത്ത് വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെയും പുറത്ത് വരാതെയും കഴിയുന്ന അനിമോന്, ക്രൈംബ്രാഞ്ചിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുമോയെന്നതാണ് ഏറെ നിര്‍ണായകം.
വ്യാഴാഴ്ച കൊച്ചിയില്‍ നടന്ന ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്റെ യോഗത്തിന് പിന്നാലെ ഇടുക്കിയിലെ ബാര്‍ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അനിമോനിട്ട ശബ്ദസന്ദേശത്തിലായിരുന്നു പണപ്പിരിവ് വെളിപ്പെടുത്തിയത്. വിവാദമായതോടെ പിന്നീട് പ്രസ്താവന വഴി മലക്കം മറിയുകയും ചെയ്തു. ഇന്ന് മൊഴി നല്കിയാല് അത് കേന്ദ്രീകരിച്ചാവും തുടര്‍ അന്വേഷണ ഭാവി. ബാര്‍ ഉടമകളുടെ യോഗം നടന്ന കൊച്ചിയിലെ ഹോട്ടലിലെത്തി സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."