സ്വര്‍ണക്കടത്ത് കേസ്: ശശി തരൂരിന്റെ പിഎയെ ചോദ്യം ചെയ്ത് വിട്ടയച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ ശശി തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ആവശ്യമെങ്കില്‍ ശിവകുമാറിനെ വീണ്ടും വിളിപ്പിക്കും. യുപി സ്വദേശിയാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. ഇയാളെ മാത്രം പ്രതിയാക്കിയാണ് നിലവില്‍ കേസെടുത്തത്. 35 ലക്ഷം രൂപ വരുന്ന സ്വര്‍ണ്ണമാലയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദില്‍ നിന്ന് പിടിച്ചെടുത്തത്.
ബാങ്കോക്കില്‍ നിന്ന് ഡല്‍ഹിക്ക് എത്തിയ ഒരാളില്‍ നിന്ന് സ്വര്‍ണ്ണം സ്വീകരിച്ച ഉടനെയാണ് ശശി തരൂരിന്റെ പിഎ ശിവകുമാര്‍ പ്രസാദ് പിടിയിലായത്. അര കിലോ തൂക്കമുള്ള സ്വര്‍ണ്ണ ചെയിനാണ് ശിവകുമാറില്‍ നിന്ന് പിടിച്ചെടുത്തത്. സ്വര്‍ണ്ണവുമായി എത്തിയ വ്യക്തിയെ ആണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. ഇയാളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിനുള്ളില്‍ വച്ച് ശിവകുമാറിനെ കസ്റ്റഡിയില്‍ എടുത്തത്. പിടിച്ചെടുത്ത മാലയ്ക്ക് 35 ലക്ഷം രൂപ വില വരും.
എംപിമാരുടെ സ്റ്റാഫിന് നല്കുന്ന പ്രത്യേക വിമാനത്താവള പ്രവേശനപാസ് ഉപയോഗിച്ചാണ് കള്ളക്കടത്തില്‍ ശിവകുമാര്‍ പങ്കാളിയായതെന്നാണ് കസ്റ്റംസ് വിശദീകരിച്ചത്. ശിവകുമാറിനൊപ്പം പിടികൂടിയ വ്യക്തിയുടെ വിശദാംശങ്ങള്‍ കസ്റ്റംസ് പുറത്ത് വിട്ടില്ല. സംഭവം ഞെട്ടിക്കുന്നതെന്ന് തരൂര്‍ പ്രതികരിച്ചു. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും തരൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."