അയോധ്യയില്‍ വരെ തണ്ടൊടിഞ്ഞു, മോദിയും മിന്നിയല്ല, യു.പിയില്‍ തിരിച്ചടിച്ചതെന്ത്; യോഗിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ബി.ജെ.പി നേതൃത്വം. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് യോഗി ഡല്‍ഹിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. യോഗിക്ക് സ്വാധീനമുള്ള പല മണ്ഡലങ്ങളിലും പരാജയപ്പെട്ടതും മോദിയുടെ വിജയ ശതമാനം കുത്തനെ ഇടിഞ്ഞതും ഇന്നത്തെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
400 സീറ്റ് കടക്കുമെന്ന മുദ്രാവാക്യവുമായി മത്സരരംഗത്തിറങ്ങിയ ബിജെപിക്കേറ്റ കനത്ത പ്രഹരമായിരുന്നു ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിധി. കേവല ഭൂരിപക്ഷം നേടാനായില്ല ബി.ജെ.പിക്ക്. വെറും 240 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിച്ചത്. മന്ത്രമാര്‍ ഉള്‍പെടെ പല പ്രമുഖരും പരാജയപ്പെട്ടു. രാമക്ഷേത്രവും മുസ്‌ലിം വിദ്വേഷവും പ്രചാരണായുധമാക്കിയ , ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയ ഉത്തര്‍പ്രദേശിലാണ് ബി.ജെ.പി ഏറ്റവും ശക്തമായ തിരിച്ചടി നേരിട്ടത്. പത്ത് വര്‍ഷമായി ആധിപത്യം പുലര്‍ത്തുന്ന യു.പി യാതൊരു ദയാ ദാക്ഷിണ്യവുമില്ലാതെ ഇത്തവണ ബി.ജെ.പിയെ തഴഞ്ഞു.
അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് മണ്ഡലം പോലും ബി.ജെ.പിയെ തുണച്ചില്ല. ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെ അവദേശ് പ്രസാദാണ് 54,567 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. സിറ്റിങ് എം.പിയായിരുന്ന ബി.ജെ.പിയുടെ ലല്ലു സിങ്ങിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒമ്പത് തവണ എം.എല്‍.എയായിരുന്ന അവദേശ് പ്രസാദ് സമാജ് വാദി പാര്‍ട്ടിയുടെ ദലിത് മുഖമാണ്. സംസ്ഥാനത്തെ 17 പട്ടികജാതി സംവരണ സീറ്റില്‍ പകുതിയിലധികവും ബി.ജെ.പിക്ക് നഷ്ടമായി.
ഏഴ് കേന്ദ്രമന്ത്രിമാരും രണ്ട് സംസ്ഥാന മന്ത്രിമാരും ഇവിടെ പരാജയപ്പെട്ടു. യുപിയില്‍ 10 കേന്ദ്ര മന്ത്രിമാരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ മൂന്ന് പേര്‍ക്ക് മാത്രമേ കരകയറാന്‍ സാധിച്ചുള്ളു. അമേത്തിയില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിയുടെ തോല്‍വിയാണ് പാര്‍ട്ടിക്കേറ്റ ഏറ്റവും കനത്ത അടി. കോണ്‍ഗ്രസിന്റെ കിശോരി ലാല്‍ ശര്‍മയോടാണ് അവര്‍ പരാജയപ്പെട്ടത്. അതും 1.67 ലക്ഷം വോട്ടുകള്‍ക്ക്. ചാന്‍ഡൗലിയില്‍ മഹേന്ദ്ര നാഥ് പാണ്ഡേ (21,565), മുസാഫര്‍നഗറില്‍ സഞ്ജീവ് ബല്യാന്‍ (24,672), ലഖിംപൂര്‍ ഖേരിയില്‍ അജയ് മിശ്ര തേനി (34,329), ഫതേഹ്പൂറില്‍ നിരഞ്ജന്‍ ജ്യോതി (33,199), മോഹന്‍ലാല്‍ഗഞ്ചില്‍ കൗശല്‍ കിശോര്‍ (70,292), ജലൗനില്‍ ഭാനു പ്രതാപ് സിങ് വര്‍മ (53,898) എന്നിവരാണ് തോല്‍വി ഏറ്റുവാങ്ങിയ മറ്റ് കേന്ദ്ര മന്ത്രിമാര്‍.
ബി.ജെ.പി ഭരണഘടന തിരുത്തുന്നുവെന്ന പ്രചാരണത്തിനൊപ്പം, തൊഴിലില്ലായ്മയേയും,ദാരിദ്രത്തെയും അഭിമുഖീകരിക്കുന്നതില്‍ യോഗി സര്‍ക്കാറിന്റെ നിലപാടിനോടുള്ള ജനവിധിയെഴുത്തായിരുന്നു യു.പിയില്‍ കണ്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം യു.പിയില്‍ കോണ്‍ഗ്രസ് ആറ് സീറ്റുകള്‍ നേടിയപ്പോള്‍ 80 ല്‍ 37 സീറ്റുകളാണ് എസ്.പി നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."