മന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈത്തിലേക്ക്. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍.എച്ച്.എം) ജീവന്‍ ബാബുവും മന്ത്രിക്കൊപ്പമുണ്ടാകും.
മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും. പരുക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും ധനസഹായമായി നല്‍കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന അടിയന്തരമന്ത്രിസഭായോഗത്തിന്റെതാണ് തീരുമാനം.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, പരുക്കേറ്റ മലയാളികളുടെ ചികിത്സ, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനും കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി, എംബസി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ആവശ്യമായകാര്യങ്ങള്‍ ചെയ്യുന്നതിനുമായാണ് ആരോഗ്യമന്ത്രിയെ കുവൈത്തിലേക്ക് അയക്കുന്നത്. മന്ത്രി ഇന്നുതന്നെ യാത്രതിരിക്കും.
പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും മന്ത്രി സന്ദര്‍ശിക്കും. വലിയ ദുരന്തമുണ്ടായ സാഹചര്യത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുക, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. കുടുംബങ്ങള്‍ക്ക് വേണ്ട വിവരങ്ങള്‍ കൈമാറുക എന്ന ലക്ഷ്യങ്ങളാണ് സര്‍ക്കാരിനുള്ളത്. മറ്റുകാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും ഏകോപിപ്പിക്കും.
കുവൈത്ത് അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി.
ഇന്നലെ പുലര്‍ച്ചെയാണ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടിത്തമുണ്ടായത്. 49 പേരാണ് മരിച്ചത്. ഇവരില്‍ 21 പേര്‍ ഇന്ത്യക്കാരാണെന്നാണ് പുറത്തുവന്നരിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."