തല്ബിയത്തില് അലിഞ്ഞുചേര്‍ന്ന് മിന: വെളുത്ത അലകടലായി ചരിത്രം സ്പന്ദിക്കുന്ന അറഫാതിൽ ഇന്ന് ഹാജിമാർ
മക്ക: ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നെത്തിയ ഹാജിമാർ ഇന്ന് അറഫാതിൽ സംഗമിക്കും. ലോകത്തിന്റെ ഏറ്റവും വലിയ മാനവ സംഗമമാണ് അറഫ സംഗമം. ലിംഗ-വർണ്ണ-വേഷ-ഭാഷാദി വിവേചനങ്ങളെ തീർത്തും അപ്രസക്തമാക്കുന്ന അറഫ സംഗമമാണ് ഹജ്ജിന്റെ പ്രധാന കർമ്മം. അറഫാത്തിൽ, ലോകമെമ്പാടുമുള്ള ഇരുന്നൂറ് കോടിയിലേറെ വരുന്ന മുസ്ലിംകളുടെ വിദൂരപ്രാതിനിധ്യമായി ഇരുപത് ലക്ഷം വിശ്വാസികള്‍ ആത്മീയതയുടെ അപാരമായ ആഴീമുഖം തീര്‍ക്കും.
പരിശുദ്ധ ഹജിന്റെ ഏറ്റവും സുപ്രധാന കര്‍മ്മമായ അറഫാസംഗമത്തില്‍ പങ്കെടുക്കാനായി, ഹാജിമാർ വെളുത്ത അലകടലായി ചരിത്രം സ്പന്ദിക്കുന്ന അറഫാതിലേക്കൊഴുകിത്തുടങ്ങി. അറഫയാണ് ഹജ്ജ് എന്ന പവിത്രപദം സാര്ഥകമാക്കിയാവും ഓരോ തീര്‍ഥാടകനും അറഫയില്‍ ഭക്ത്യാദരവോടെ അണിചേരുക. സ്ഫുടം ചെയ്ത ഹൃദയവുമായി അനുഗ്രഹങ്ങളുടെ കേദാരമായ പുണ്യ ഭൂമിയിൽ പ്രാർത്ഥനയിൽ കഴിഞ്ഞു കൂടിയിരുന്ന വിശ്വാസ ലക്ഷങ്ങള്‍ അറഫ സമ്മേളനത്തിനായി മിനായിലെ ടെന്റുകളിൽ നിന്നും അറഫയിലേക്കുള്ള ഒഴുക്കിലാണിപ്പോൾ. ഇഹ്റാമിന്റെ വെളുത്ത തുണിക്കഷണങ്ങളിൽ ഹാജിമാര്‍ ലോകത്തെ എല്ലാ അനീതികൾക്കുമെതിരെ പ്രതീകാത്മക പ്രതിഷേധം തീർക്കും.
ഹജ്ജിന്റെ ഈ സുപ്രധാന ചടങ്ങില്‍ പങ്കാളികളാകുന്നതിനു വെണ്ടി അറഫാത് മൈതാനിയില്‍ എത്തി ചേരുന്നതിനായി ഇന്നലെ രാത്രി മുതല്‍ തമ്പുകളുടെ നഗരിയായ മിനായില്‍ നിന്ന് ഹാജിമാര്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു. ഹജ്ജിന്റെ തുടക്കമായ ഇന്നലെ പുലർച്ചെയോടെ ഇന്ത്യൻ തീർത്ഥാടകർ മിനായിൽ എത്തിച്ചേർന്നിരുന്നു. ഇവിടെ പ്രാർത്ഥനയിൽ മുഴുകി അറഫ സംഗമത്തിന് വേണ്ടി ഒരുങ്ങിയ തീർത്ഥാടകർ രാത്രിയോടെ അറഫാത് ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു. പുണ്യ നഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സർവ്വീസും അറഫാതിലേക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ തീർത്ഥാടകർ സുബ്ഹിയോടെ തന്നെ അറഫാതിൽ എത്തും വിധമാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.
പ്രവാചകൻ മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ ജബലുറഹ്മയിൽ ഇരിപ്പിടം കണ്ടെത്താനുള്ള തിരക്കിലാണ് ഹാജിമാർ. നേരത്തെ തന്നെ അറഫാതിലെത്തിയ മലയാളികളടക്കമുള്ള ഇന്ത്യൻ ഹാജിമാർ മസ്ജിദുന്നമിറയിലും കാരുണ്യ മലയായ ജബലുറഹ്മയിലും ഇടം പിടിച്ചു. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന അറഫ സംഗമത്തിൽ സൂര്യാസ്തമാനം വരെ തീർത്ഥാടകർ ഇവിടെ പ്രാർത്ഥനാ നിര്‍ഭരരാകും. ചെയ്തുപോയ പാപങ്ങളില്‍ പശ്ചാത്താപ വിവശരായി കണ്ണീരൊഴുക്കി നാഥനോട് കേഴും. പാരത്രിക ജീവിതത്തില്‍ മോക്ഷം ലഭിക്കുന്നതിനായി ഒഴുകുന്ന കണ്ണുകളുമായി അല്ലാഹുവിലേക്ക് അലിഞ്ഞു ചേർന്ന് ദൈവത്തോട് മാപ്പപേക്ഷിക്കും. പ്രവാചകന്റെ അറഫ പ്രഭാഷണത്തെ അനുസ്മരിച്ച് അറഫയിലെ ചരിത്ര പ്രസിദ്ധമായ മസ്ജിദുന്നമിറയില്‍ ഹറം ഇമാമും ഖതീബുമായ ശൈഖ് ഡോ. മാഹിര്‍ അല്‍മുഅയ്ഖ്ലി അറഫ പ്രഭാഷണം നിർവ്വഹിക്കും. ഹാജിമാര്‍ ദുഹറും അസ്വറും ഒരുമിച്ച് നിസ്കരിച്ച് രാത്രിയാകുന്നതോടെ ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാർക്കാനായി നീങ്ങും. അവിടെ വെച്ചാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നിസ്കാരങ്ങൾ നിർവ്വഹിക്കുക.
മുസ്ദലിഫയിൽ വിശ്രമിക്കുന്ന ഹാജിമാർ നാളെ ജംറയിൽ എറിയുന്നതിനുള്ള കല്ലുകൾ ശേഖരിക്കും. തുടർന്ന് നാളെ രാവിലെ തന്നെ മിനായിൽ തിരിച്ചെത്തി ജംറയിൽ ആദ്യ ദിവസത്തെ കല്ലേറ് കർമ്മത്തിലും ബലി കർമ്മത്തിലും പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കല്ലേറ് കർമ്മം പൂർത്തിയാകുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകൾക്ക് പരിസമാപ്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."