മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി (എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്) ചോദ്യം ചെയ്തു. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഇ.ഡി യുടെ കൊച്ചി ഓഫിസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
നിർമ്മാതാവ് ഷോൺ ആന്റണിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സൗബിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. മഞ്ഞുമ്മൽ ബോയ്‌സ് സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണമുയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിർമാതാക്കളെ ഇ.ഡി ചോദ്യം ചെയ്യുന്നത്.
നേരത്തേ മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണ പങ്കാളി എറണാകുളം അരൂർ സ്വദേശി സിറാജ് വലിയതുറ സൗബിനെതിരെ രംഗത്തുവന്നിരുന്നു. സിനിമക്ക് വേണ്ടി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതം നൽകിയില്ലെന്നായിരുന്നു പരാതി. പരാതിയിൽ മരട് പൊലിസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ വലിയ ബോക്‌സ് ഓഫിസ് വിജയം നേടിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. സൗബിന്റെയും ഷോണിന്റെയും പേരിലുള്ള പറവ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങിയത്.
നേരത്തെ ഹൈക്കോടതി മഞ്ഞുമ്മൽ ബോയ്‌സ് സിനിമാ നിർമാതാക്കൾക്കെതിരായ വഞ്ചനാക്കേസ് നടപടികൾക്ക് സ്റ്റേ ചെയ്തിരുന്നു. ഒരു മാസത്തേക്ക് ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. പറവ ഫിലിംസിൻറെ പങ്കാളികളിലൊരാളായ ബാബു ഷെഹീർ നൽകിയ ഹരജിയിലായിരുന്നു കോടതി നടപടി. 2022 പെബ്രുവരിയിലാണ് പറവ ഫിലിംസ് തുടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."