ഇങ്ങനെ പോയാല്‍ ആര്‍.എസ്.എസ്സും ബി.ജെ.പിയും തല്ലിപ്പിരിയും; ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളലില്‍ സംഘം
നാഗ്പൂരിലെ ആര്‍.എസ്.എസ് കാര്യാലയമായ ഡോ. ഹെഡ്‌ഗെവാര്‍ ഭവനും ഡല്‍ഹിയിലെ ബാരക്കമ്പ മെട്രോ സ്‌റ്റേഷന് പിന്‍ഭാഗത്തുള്ള ബി.ജെ.പി ആസ്ഥാനവും തമ്മില്‍ കഴിഞ്ഞ ഒരുവര്‍ഷമായി അത്ര നല്ല ആശയവിനിമിയം നടക്കുന്നില്ലെന്നതാണ് വാസ്തവം. ഡല്‍ഹി രാഷ്ട്രീയത്തിലെ ഹോട്ട് ടോപിക്‌സുകളിലൊന്നും ഇതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലടക്കം ബി.ജെ.പി തിരിച്ചടി നേരിട്ടതോടെ, നിലവിലെ ആശയവിനിമയമില്ലായ്മ കൂടുകയും അതൊരു പൊട്ടിത്തെറിയുടെ വക്കിലെത്തുകയുംചെയ്തു. ചൈനീസ് കോട്ട പോലെ ഭദ്രമെന്ന് അവകാശപ്പെടാറുള്ള സംഘ് രഹസ്യമതിലുകള്‍ മറികടന്ന് അസ്വാരസ്യങ്ങള്‍ പുറത്തെത്തി. പൊട്ടലും ചീറ്റലും ശരിവയ്ക്കുന്നതാണ് അടുത്തിടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയും അടക്കമുള്ളവര്‍ നടത്തിയ പ്രതികരണങ്ങള്‍.
ആദ്യമായി തനിച്ച് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരമേറ്റ 2014ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കടപ്പെട്ടത് ആര്‍.എസ്.എസ്സിനോടായിരുന്നു. അതുകഴിഞ്ഞ് 2017ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ യോഗി ആദിത്യനാഥിനെ അധികാരത്തില്‍ വാഴിക്കാനും ആര്‍.എസ്.എസ് വിയര്‍പ്പൊഴുക്കി. തുടര്‍ന്നും ബി.ജെ.പിക്കായി ആര്‍.എസ്.എസ് വിയര്‍പ്പൊഴുക്കി. ബി.ജെ.പിയെ പോലെ മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിയും നടത്തിവരാറുള്ള പരസ്യപ്രചാരണങ്ങളിലൂടെയായിരുന്നില്ല ആര്‍.എസ്.എസ് ഇത് സാധിച്ചെടുത്തത്. മറിച്ച് തെരഞ്ഞെടുപ്പിനും മാസങ്ങള്‍ക്ക് മുമ്പേ ആര്‍.എസ്.എസ്സിന്റെ കേഡര്‍മാര്‍ വീടുവീടാന്തരം കയറിയിറങ്ങിയാണ് ബി.ജെ.പിക്ക് ഭരണം ഉറപ്പിച്ചത്. എന്നാല്‍, 2024 ആയപ്പോഴേക്കും ഏറെക്കുറേ ബി.ജെ.പി അവരുടെ വഴിയിലും ആര്‍.എസ്.എസ് മറ്റൊരുവഴിയിലുമായി. ആദ്യ ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇത് നരേന്ദ്രമോദിക്കും പിടികിട്ടി. അങ്ങിനെയാണ് അദ്ദേഹം ഒറ്റയടിക്ക് തീവ്രവര്‍ഗീയ പ്രചാരണത്തിന് തിരികൊളുത്തിയത്. മുസ്ലിംകളെ പെറ്റുകൂട്ടുന്നവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും മോദി ആക്ഷേപിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ ഇങ്ങനെ പ്രസംഗിച്ചതോടെ അമിത്ഷായും യോഗി ആദിത്യനാഥും ഹിമന്ത ബിശ്വശര്‍മയും തുടങ്ങി താഴേ തട്ടില്‍ രണ്ടാംനിര, മൂന്നാംനിര നേതാക്കള്‍വരെ വിഷംതുപ്പുന്ന പ്രസംഗങ്ങള്‍ നടത്തി.
അകല്‍ച്ചയ്ക്ക് കാരണങ്ങള്‍
തെരഞ്ഞെടുപ്പില്‍ മോദിയില്‍ മാത്രം കേന്ദ്രീകരിച്ചും അദ്ദേഹത്തെ മാത്രം ഉയര്‍ത്തിപ്പിടിച്ചുമുള്ള പ്രചാരണങ്ങളിലും, തങ്ങളെ കേള്‍ക്കാതെയുള്ള പ്രവര്‍ത്തനങ്ങളിലുമായിരുന്നു ആര്‍.എസ്.എസ്സിന് വിയോജിപ്പ്. പ്രസംഗങ്ങളിലൊക്കെയും മോദി തന്നെ അദ്ദേഹത്തിന്റെ പേര് ആവര്‍ത്തിച്ച് കൊണ്ടിരുന്നു. അതിനാല്‍ ഈ തെരഞ്ഞെടുപ്പിന്റെ ചിത്രത്തിലെവിടെയും ആര്‍.എസ്.എസ് ഇല്ലായിരുന്നു. മുന്‍കാലങ്ങളില്‍ നടന്നതുപോലെ ആര്‍.എസ്.എസ്സിനും ബി.ജെ.പിക്കും ഇടയിലുള്ള കോര്‍ഡിനേഷന്‍ യോഗങ്ങളും ഇക്കുറി നടന്നില്ല.
അവര്‍ക്കിനി ആര്‍.എസ്.എസ്സിനെ ആവശ്യമില്ലെന്ന സന്ദേശമാണ് ബി.ജെ.പി നല്‍കിയതെന്നും അവര്‍ മുമ്പത്തെപ്പോലെ നേതാക്കളെ സന്ദര്‍ശിച്ചില്ലെന്നും മോഹന്‍ലാല്‍ഗഞ്ചിലെ മൗവില്‍നിന്നുള്ള സംഘം പ്രവര്‍ത്തകന്‍ (വിസ്താരക്) ഇന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ആര്‍.എസ്.എസിനെ പൂര്‍ണമായി ബി.ജെ.പി അവഗണിച്ചു. സാധാരണ സംസ്ഥാന, പ്രാദേശിക തലത്തിലെ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിയാലോചനനടത്തിയേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാറുള്ളൂ. ഇക്കുറി അതുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാണ്‍പൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ഇതിന് ഉദാഹരണമാണ്. 60കളില്‍ മേഖലയില്‍ സംഘത്തിന് അടിത്തറയിട്ട ബാരിസ്റ്റര്‍ നരേന്ദ്ര സിങ്ങിന്റെ അനന്തരവള്‍ നീതു സിങ്ങില്‍ ആയിരുന്നു ആര്‍.എസ്.എസ്സിന് താല്‍പ്പര്യം. എന്നാല്‍ അമിത് ഷായുടെയും യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും പിന്തുണയുള്ള പത്രപ്രവര്‍ത്തകന്‍ രമേഷ് അവസ്തിക്കാണ് ബി.ജെ.പി സീറ്റ് നല്‍കിയത്. സമാനമാണ് ജൗന്‍പൂരിലും. സംഘത്തിന്റെ ഫണ്ടറായ വ്യവസായി ഗ്യാന്‍ പ്രകാശ് സിങ്ങിനായി ആര്‍.എസ്.എസ് വാദിച്ചെങ്കിലും മുന്‍ കോണ്‍ഗ്രസ്സുകാരനായ മഹാരാഷ്ട്രയില്‍നിന്നുള്ള കൃപാ ശങ്കര്‍ സിങ്ങിനാണ് സീറ്റ് ലഭിച്ചത്. കാണ്‍പൂരില്‍ ബി.ജെ.പി ജയിച്ചപ്പോള്‍ ജൗന്‍പൂരില്‍ തോറ്റു.
ജെ.പി നഡ്ഡ പറഞ്ഞത്
പൊതുതെരഞ്ഞെടുപ്പില്‍ പതിവിന് വിരുദ്ധമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ആര്‍.എസ്.എസ്സിന്റെ അസാന്നിധ്യം ചര്‍ച്ചയായതോടെ, അവരുടെ സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ പറഞ്ഞത് സംഘത്തെ ചൊടിപ്പിച്ചു. ആര്‍.എസ്.എസിന്റെ സഹായത്തോടെ നിലനിന്ന സാഹചര്യത്തില്‍നിന്ന് ബി.ജെ.പി മുന്നോട്ടുപോയെന്നും സഹായം ആവശ്യമായിരുന്ന കാലത്തില്‍നിന്ന് പാര്‍ട്ടി വളര്‍ന്നുവെന്നും ഇപ്പോള്‍ പാര്‍ട്ടി സ്വയം പര്യപ്തമായെന്നുമായിരുന്നു നഡ്ഡയുടെ പരാമര്‍ശം. മുമ്പ് പാര്‍ട്ടിക്ക് ശക്തി കുറവായിരുന്നു. അതിനാല്‍ അന്ന് ആര്‍.എസ്.എസിനെ ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങള്‍ ശേഷിയുള്ളവരാണ്. പാര്‍ട്ടി സ്വന്തമായി പ്രവര്‍ത്തിക്കുന്നു- എന്നിങ്ങനെ തങ്ങളുടെ നിലപാടിനെ ന്യായീകരിക്കാനാണ് നഡ്ഡ ശ്രമിച്ചതെങ്കിലും, സംഘം ഇത് നെഗറ്റിവ് അര്‍ത്ഥത്തിലാണ് എടുത്തിട്ടുള്ളത്.
മോഹന്‍ ഭാഗവതിന്റെ ഒളിയമ്പ്
തങ്ങളെ വകവയ്ക്കാതെ തനിച്ച് മുന്നോട്ടുപോയ ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതോടെ, ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാര്‍ട്ടിക്കെതിരേ ഒളിയമ്പെയ്യുകയുംചെയ്തു. ആര്‍.എസ്.എസ്സുകാര്‍ മാന്യത കാണിക്കുമെന്നും അവരൊരിക്കലും അഹങ്കാരികളാകില്ലെന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. 'ഒരു യഥാര്‍ത്ഥ സേവകന്‍ ജോലി ചെയ്യുമ്പോള്‍ മാന്യത നിലനിര്‍ത്തുന്നു. അങ്ങനെയുള്ളവര്‍ മാത്രമേ സേവനം നടത്തുന്നുള്ളു. അവര്‍ക്ക് താന്‍ ചെയ്യുന്നതിനെ കുറിച്ച് അഹങ്കാരം ഉണ്ടാകുകയില്ല. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സേവകനാകാന്‍ അവകാശമുള്ളൂ- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതാകട്ടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുള്ള പരിശീലന പരിപാടിയില്‍ നടത്തിയ പ്രസംഗമായതിനാല്‍ അതിലെ സൂചന ആര്‍ക്കാണെന്ന് വ്യക്തം.
എരിതീയില്‍ എണ്ണയൊഴിച്ച് ഇന്ദ്രേഷ് കുമാര്‍
മോഹന്‍ ഭാഗവതിനെപ്പോലെ വ്യംഗമായി സൂചിപ്പിക്കാതെ, കാര്യങ്ങള്‍ പച്ചയ്ക്ക് പറയുകയാണ് മുതിര്‍ന്ന നേതാവും ആര്‍.എസ്.എസ് നിര്‍വാഹകസമിതിയംഗവുമായ ഇന്ദ്രേഷ് കുമാര്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മോശം പ്രകടനത്തെ പരാമര്‍ശിച്ച്, അഹങ്കാരികളെ ശ്രീരാമന്‍ 241സീറ്റുകളില്‍ ഒതുക്കിയെന്ന് അദ്ദേഹം പറഞ്ഞു. ശ്രീരാമനെ ആരാധിച്ചിരുന്നവര്‍ ക്രമേണ അഹങ്കാരികളായി മാറി. അതോടെ ആ പാര്‍ട്ടി ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടിട്ടും രാമന്‍ അവരെ 241 സീറ്റുകളില്‍ ഒതുക്കി. ഇതാണ് രാമന്റെ നീതി. ഇന്‍ഡ്യാ സഖ്യത്തെ സൂചിപ്പിക്കവെ, രാമനില്‍ വിശ്വാസമില്ലാത്തവര്‍ ഒന്നിച്ചു നിന്നിട്ടും സര്‍ക്കാറുണ്ടാക്കാനുള്ള ഭൂരിപക്ഷം നല്‍കാതെ അവരെ 234ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് അനുകൂലികളായ മുസ്ലിംകളുടെ കൂട്ടായ്മയായ മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ ചുമതലയുള്ള സംഘം നേതാവായ ഇന്ദ്രേഷ്‌കുമാര്‍, അജ്മീര്‍ സ്‌ഫോടനക്കേസുകളിലടക്കം ആരോപണവിധേയനാണ്.
അജിത് പവാര്‍ പക്ഷത്തിനെതിരേ ഓര്‍ഗനൈസര്‍ ലേഖനം
ഈ അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ബി.ജെ.പി തിരിച്ചടി നേരിട്ട മഹാരാഷ്ട്രയിലെ അവരുടെ സഖ്യകക്ഷിയായ അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്കെതിരായ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ലേഖനം വന്നത്. അജിത് പവാറുമായി സഖ്യത്തിലേര്‍പ്പെട്ടതാണ് മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യത്തിന്റെ നിറംമങ്ങിയ പ്രകടനത്തിനുള്ള കാരണമെന്നായിരുന്നു ഓര്‍ഗനൈസറിലെ ലേഖനം പറഞ്ഞുവച്ചത്. ലേഖനത്തിനെതിരേ എന്‍.സി.പി രംഗത്തുവന്നുവെന്ന് മാത്രമല്ല സഖ്യകക്ഷിയായ ഷിന്‍ഡെ വിഭാഗം ശിവസേനയെയും കോണ്‍ഗ്രസില്‍നിന്നെത്തിയവര്‍ക്ക് സീറ്റ് കൊടുത്ത ബി.ജെ.പിയുടെ നടപടിയെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ എന്‍.ഡി.എ ആടിയുലയുകയാണ്. അഴിമതി ആരോപണവിധേയനും ഹിന്ദുത്വ പാരമ്പര്യമില്ലാത്തയാളുമായ അജിത് പവാറുമായി കൂട്ട് വേണ്ടെന്നാണ് ആര്‍.എസ്.എസ് നിലപാട്. ആര്‍.എസ്.എസ് ലേഖനംകൂടി വന്നതോടെ മഹാരാഷ്ട്രയില്‍ അജിത് പവാറിന് ഇനി ശരദ് പവാറിനൊപ്പം പോകുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാതാക്കിയിരിക്കുകയാണ് ആര്‍.എസ്.എസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."