പറയുമ്പോള്‍ എല്ലാം പറയണം, ലോക്‌സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ തയാറുണ്ടോ ?: സത്താര്‍ പന്തല്ലൂര്‍
കോഴിക്കോട്: കേരളത്തിലെ ഇരുമുന്നണികളും മുസ്ലിം പ്രീണനം നടത്തുകയാണെന്ന SNDP യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പ്രസ്താവനയ്‌ക്കെതിരേ സത്താര്‍ പന്തല്ലൂര്‍ രംഗത്ത്. കണക്ക് പറയുമ്പോള്‍ എല്ലാം പറയണമെന്നും കേന്ദ്രമന്ത്രിസഭയില്‍ പൂജ്യവും പാര്‍ലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ് ലിംകള്‍ക്കുള്ളതെന്നും സത്താര്‍ പന്തല്ലൂര്‍ ചൂണ്ടിക്കാട്ടി.
ഇരുമുന്നണികളും മുസ്ലിം പ്രീണനം നടത്തുന്നുവെന്നും കേരളത്തിലുള്ള ഒന്‍പത് രാജ്യസഭാ സീറ്റുകളില്‍ അഞ്ചിലും മുസ്‌ലിംകളാണെന്നുമായിരുന്നു വെള്ളാപള്ളിയുടെ വിവാദ പ്രസ്താവന. ജനസംഖ്യയുടെ പകുതിയിലേറെ ഉള്ള ഹിന്ദുക്കള്‍ക്ക് രണ്ട് സീറ്റാണ് നല്‍കിയത്. മതവിവേചനവും വിദ്വേഷവും തിരിച്ചറിഞ്ഞ ക്രൈസ്തവരാണ് സുരേഷ് ഗോപിയെ വിജയിപ്പിച്ചതെന്നും ക്രൈസ്തവര്‍ ബി.ജെ.പിയെ രക്ഷകരായി കാണുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
എന്നാല്‍, കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗങ്ങളുടെ മാത്രം മതംപരിശോധിച്ച വെള്ളാപ്പള്ളിയുടെ നടപടിയെ ചോദ്യംചെയ്ത സത്താര്‍ പന്തല്ലൂര്‍, രാജ്യസഭയിലെയും ലോക്‌സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.
കണക്ക് പറയുമ്പോള്‍ എല്ലാം പറയണം.
കേന്ദ്ര കാബിനറ്റില്‍ പൂജ്യവും പാര്‍ലമെന്റില്‍ നാമമാത്രവും പ്രാതിനിധ്യമാണ് മുസ് ലിംകള്‍ക്കുള്ളത്.
രാജ്യത്തെ മതനിരപേക്ഷവാദികളെല്ലാം ഈ സാഹചര്യത്തില്‍ ആശങ്ക അറിയിക്കുകയും ചെയ്യുന്നു.
ഒരു പിന്നാക്ക അധസ്ഥിത വിഭാഗമെന്ന നിലയില്‍ മുസ് ലിംകളുടെ ഈ പങ്കാളിത്ത പ്രശ്‌നം എല്ലാവരും ഉന്നയിക്കുന്നുണ്ട്. അത് വസ്തുതാപരവുമാണ്.
അപ്പോഴാണ് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം പിമാരില്‍ ഒമ്പതില്‍ അഞ്ചും മുസ് ലിംകളാണെന്ന 'യുക്തി' ഉന്നയിച്ച് ചിലര്‍ രംഗത്ത് വരുന്നത്.
രാജ്യസഭയിലെയും ലോക്‌സഭയിലേയും ആകെ മുസ്ലിംകളുടെ എണ്ണം പരിശോധിക്കാന്‍ ഇവര്‍ തയ്യാറുണ്ടോ ?
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളെ സമുദായം തിരിച്ച് എണ്ണാന്‍ തയ്യാറുണ്ടോ ?
ഇരുപതില്‍ മൂന്ന് ആണ് ലോക്‌സഭയില്‍ പോകുന്ന മലയാളികളിലെ മുസ് ലിം പ്രാതിനിധ്യം.
27 ശതമാനം ജനസംഖ്യയുള്ള ഒരു സമുദായത്തിന് പതിനഞ്ച് ശതമാനം പ്രാതിനിധ്യം. ഈ അനീതി മറച്ചുവെക്കുന്നവരെ സഹായിക്കാന്‍ ഇത്തരക്കാര്‍ തുനിഞ്ഞിറങ്ങിയത് ശരിയായില്ല.
ഇതില്‍ പോലും ഇസ് ലാമോഫോബിക് പ്രചാരണങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നത് സങ്കടകരമാണ്.
മുസ്ലിംകളുടെ മാത്രം പങ്കാളിത്ത പ്രശ്‌നം പരിഹരിക്കണമെന്നല്ല, ഈഴവരും പുലയരുമുള്‍പ്പടെ എല്ലാവര്‍ക്കും അര്‍ഹമായ പങ്കാളിത്തം ലഭിക്കണം. അതിന് ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തവുമുണ്ട്.
ജാതി സെന്‍സസിനായി എല്ലാവരും നിലകൊള്ളേണ്ടതും അതുകൊണ്ടാണ്.
sathar panthalloor facebook post regarding vellappalli nateshan islamophobic rhetoric
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."