20 ൽ 19 ലും കനത്ത തോൽവി; 'പാഠം പഠിക്കാൻ' സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന്
തിരുവനന്തുരം: ലോക്സഭ തെരഞ്ഞടുപ്പിലെ വൻതോൽവി പരിശോധിക്കാൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. ഗൗരവകരമായ തിരുത്തൽ നടപടികൾ വേണമെന്ന് അഭിപ്രായം ഉയർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന് പിന്നാലെയാണ് സംസ്ഥാന സമിതി ഇന്ന് ചേരുന്നത്. തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാനത്തെ രാഷ്ട്രീയ മാറ്റവും ഇഴകീറി പരിശോധിക്കാനാണ് നീക്കം.
തെരഞ്ഞെടുപ്പിൽ 20 ൽ 19 മണ്ഡലങ്ങളിലും ഏറ്റ കനത്ത തോൽവി പഠിക്കാനുള്ള കമ്മിഷൻ രൂപീകരണത്തിൽ സംസ്ഥാന സമിതിയിൽ അന്തിമതീരുമാനമെടുക്കും. ഇരുപത് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സെക്രട്ടേറിയറ്റ് വിശദമായി വിലയിരുത്തിയിരുന്നു. പാർട്ടി വോട്ടിൽ പോലും ചോർച്ച ഉണ്ടായെന്നായിരുന്നു വിലയിരുത്തൽ. എൽഡിഎഫിൽ നിന്ന് യുഡിഎഫിലേക്ക് പോയ വോട്ടുകൾ തിരികെ വരുമെന്നും എന്നാൽ ബിജെപിയിലേക്ക് പോയ വോട്ടുകൾ തിരികെ വരില്ലെന്നുമാണ് സെക്രട്ടേറിയറ്റിൽ ഉയർന്ന അഭിപ്രായം. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ പോലും ബിജെപിക്ക് ചോർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ മണ്ഡലാടിസ്ഥാനത്തിൽ തോൽവിയുടെ കാരണങ്ങൾ പരിശോധിച്ചിരുന്നു. മൂന്ന് ദിവസം നീളുന്ന കമ്മിറ്റിയിൽ തെരഞ്ഞെടുപ്പ് പരാജയം മുഖ്യ അജണ്ടയാകും. സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷമാകും തിരുത്തൽ നടപടികൾക്ക് അന്തിമ തീരുമാനം എടുക്കുക. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും.
അതേസമയം തെരഞ്ഞടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ സിപിഐയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ പ്രധാന കാരണമെന്ന് സിപിഐ വിമർശിച്ചിരുന്നു. സർക്കാരിന്റെ പരാജയവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്ന് സിപിഐ വിലയിരുത്തുന്നു. എസ്എഫ്ഐ മുതൽ കരുവന്നൂർ ബാങ്ക് കൊള്ള വരെയും തോൽവിക്ക് കാരണമായെന്ന് സിപിഐ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."