ഛര്‍ദിയും വയറിളക്കവുമായി കാക്കനാട് 350 പേര്‍ ചികിത്സയില്‍ - കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം
കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 350 പേര്‍ ചികിത്സയില്‍. കുടിവെള്ളത്തില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് ജലസാംപിളുകള്‍ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 33 പേരടങ്ങുന്ന വിദഗ്ധ സംഘത്തോട് കൊച്ചിയിലെത്താന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. വിദഗ്ധ സംഘം കൊച്ചിയിലെത്തും.
ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ചു വയസില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സംശയം. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്.
കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണര്‍ ബോര്‍വെല്‍ മുനിസിപാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവയില്‍ ഏതില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നാണ് കണ്ടെത്തേണ്ടത്.
ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളില്‍ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നതാണ്. സംഭവം അറിഞ്ഞ ഉടനെ ആരോഗ്യവകുപ്പ് ഇടപെട്ടെന്ന് മന്ത്രിയുടെ ഓഫിസും അറിയിച്ചു.
ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് തന്നില്ലെന്ന് അസോസിയേഷനെതിരേ പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."