കോള്‍ മെര്‍ജ് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി കേരള പൊലിസ്
ഓണ്‍ലൈന്‍ വഴിയും അല്ലാതെയും തട്ടിപ്പുകാര്‍ പെരുകുന്ന കാലമാണ്. ഏതുവിധേനയും നിങ്ങളെ കബളിപ്പിച്ച് തട്ടിപ്പുകാര്‍ പണം കൈക്കലാക്കും. അതുകൊണ്ട് തന്നെ എല്ലാ സമയവും ജാഗ്രതവേണം. വാട്‌സ്ആപ്പ് വഴി നടക്കുന്ന പുതിയ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലിസ്. കോള്‍ മെര്‍ജ് ചെയ്യാനാകും തട്ടിപ്പുകാരുടെ ആവശ്യം.
വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന് ആറക്ക OTP ആവശ്യമാണ്. നിങ്ങളുടെ ഫോണിലേയ്ക്ക് വരുന്ന SMS അല്ലെങ്കില്‍ കോള്‍ വഴിയാണ് OTP വെരിഫൈ ചെയ്യേണ്ടത്. നിങ്ങള്‍ക്ക് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാര്‍ വിളിക്കും.
അതേസമയം തന്നെ തട്ടിപ്പുകാര്‍ മറ്റൊരു ഡിവൈസില്‍ നിങ്ങളുടെ നമ്പറിന്റെ വാട്ട്‌സ്ആപ്പ് രജിസ്‌ട്രേഷനും ആരംഭിക്കുന്നു.
കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്ട്‌സ്ആപ്പ് ആക്ടിവേഷന്‍ ഓപ്ഷന്‍ ആയിരിക്കും അവര്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ ഫോണില്‍ വന്ന OTP കൈക്കലാക്കാന്‍ ഇപ്പോള്‍ വരുന്ന കാള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. നിങ്ങള്‍ കോള്‍ മെര്‍ജ് ചെയ്യുന്നു, ഇത് വാട്ട്‌സ്ആപ്പില്‍ നിന്നുള്ള വെരിഫിക്കേഷന്‍ കോളാണ്, കൂടാതെ OTP യും ഉണ്ട്. തട്ടിപ്പുകാര്‍ OTP എന്റര്‍ ചെയ്യുന്നതോടെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ഫോണില്‍ നിന്ന് ലോഗ് ഔട്ട് ആകുകയും തട്ടിപ്പുകാര്‍ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു.
മറ്റൊരു രീതിയില്‍, തട്ടിപ്പുകാര്‍ എന്തെങ്കിലും കാര്യത്തിന് OTP ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത നിങ്ങള്‍ വാട്ട്‌സ്ആപ്പ് ആക്ടിവേഷന്‍ കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു.ചില തട്ടിപ്പുകാര്‍ തെറ്റായ OTP എന്റര്‍ ചെയ്ത് നിങ്ങളുടെ WhatsApp അക്കൗണ്ട് 12 അല്ലെങ്കില്‍ 24 മണിക്കൂര്‍ മരവിപ്പിക്കും. ഇതിനര്‍ത്ഥം ആ കാലയളവില്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ആക്‌സസ് ചെയ്യാന്‍ കഴിയില്ല എന്നാണ്.ഇത്തരത്തില്‍ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസ്സേജിലൂടെ പണം ആവശ്യപ്പെടും. കൂടാതെ ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് നിങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പണം തട്ടിയെടുക്കുന്നതിന് നിങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്നു.
ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പരമാവധി ജാഗ്രത പുലര്‍ത്തണം. ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ കണ്ണും മനസ്സും തുറന്നിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."