യുദ്ധമന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു; ഗസ്സ ആക്രമണത്തില്‍ അഭിപ്രായ ഭിന്നത
ജറൂസലേം: ഗസ്സയിലെ ആക്രമണം സംബന്ധിച്ച ഭിന്നതയ്‌ക്കൊടുവില്‍ യുദ്ധ മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ആറംഗ യുദ്ധമന്ത്രിസഭയാണ് നെതന്യാഹു പിരിച്ചുവിട്ടത്. ഒക്ടോബര്‍ 7 ന് ഹമാസിന്റെ മിന്നലാക്രമണത്തിനു പിന്നാലെയാണ് യുദ്ധ മന്ത്രിസഭ രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം മന്ത്രിസഭയിലെ ബെന്നി ഗാന്റ്‌സ് രാജിവച്ചിരുന്നു. നെതന്യാഹുവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഗാന്റ്‌സ് രാജിവച്ചത്. പിന്നാലെ മറ്റൊരു മന്ത്രിയായ എയ്‌സന്‍കോട്ടും രാജിവച്ചിരുന്നു.
കഴിഞ്ഞ ദിവസം ഗസ്സയില്‍ സഹായം എത്തിക്കാന്‍ പകല്‍സമയം റോഡുകളിലെ ആക്രമണം നിര്‍ത്തിവയ്ക്കാന്‍ ഇസ്‌റാഈല്‍ സൈന്യം തീരുമാനിച്ചിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ഇത്തരത്തില്‍ ആക്രമണം നിര്‍ത്തിവയ്ക്കുകയും ചെയ്തു. എന്നാല്‍ ഇത് സര്‍ക്കാരുമായി കൂടിയാലോചിക്കാതെ സൈന്യം എടുത്ത തീരുമാനമാണെന്ന് നെതന്യാഹു പറഞ്ഞു. ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രിക്കും തീരുമാനത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ആരായാലും ജോലിയുണ്ടാകില്ലെന്ന് നെതന്യാഹു സൈനിക സെക്രട്ടറിയെ വിളിച്ച് അതൃപ്തി അറിയിക്കുകയും ചെയ്തു.
11 മണിക്കൂര്‍ നേരമാണ് ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിവച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ക്കിടെയാണ് യുദ്ധമന്ത്രിസഭ പിരിച്ചുവിടുന്നത്.
യുദ്ധമന്ത്രിസഭ പിരിച്ചുവിട്ടതിനോട് നിലവിലെ സാഹചര്യം സുസ്ഥിരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സെറിന്റെ പ്രതികരണം. ഗസ്സയില്‍ സാധാരണ തോതിലുള്ള ആക്രമണം തുടരുമെന്ന് സൈന്യം പിന്നീട് അറിയിച്ചു. ഇതിനു പിന്നാലെ ഗസ്സയില്‍ ആക്രമണം ശക്തിപ്പെടുത്തുകയും 17 പേരെ കൊലപ്പെടുത്തുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."