ഹജ്ജിന്റെ വിശുദ്ധിയില്‍ നിറഞ്ഞ് ബാഫഖി തങ്ങളുടെ സ്മരണ
മലപ്പുറം: സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ ജ്വലിക്കുന്ന സ്മരണയില്‍ വീണ്ടുമൊരു ഹജ്ജ് കാലം. ഹിജ്റ 1392ലെ വിശുദ്ധ ഹജ്ജ് നിര്‍വഹിച്ച് ദുല്‍ഹിജ്ജ 13നാണ് (1973 ജനുവരി 19) ബാഫഖി തങ്ങള്‍ വിശുദ്ധ മക്കയില്‍ വിടപറഞ്ഞത്. തങ്ങളുടെ നിര്യാണത്തിന് ഇന്നേക്ക് 53 വര്‍ഷം.
കൊയിലാണ്ടിയിലെ വസതിയില്‍ നിന്ന് വിശുദ്ധ ഹജ്ജിന് പുറപ്പെട്ട തങ്ങള്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വിടചൊല്ലിയത്. പനി ബാധിച്ച തങ്ങള്‍ ക്ഷീണത്തിനിടയില്‍ വെള്ളിയാഴ്ച രാവില്‍ മഗ് രിബ്,ഇശാഅ് നിസ്‌കാരങ്ങള്‍ യഥാസമയത്ത് പൂര്‍ത്തിയാക്കി അര്‍ധരാത്രിയോടെ സത്യസാക്ഷ്യം ഉറക്കെ മൊഴിഞ്ഞാണ് യാത്രയായത്. തങ്ങളുടെ ജനാസ പകല്‍ ജുമുഅ സമയത്ത് മസ്ജിദുല്‍ ഹറാമില്‍ എത്തിക്കുകയും ജുമുഅ നിസ്‌കാര ശേഷം ഹറമില്‍ മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നെത്തിയ അനേകം ഹാജിമാരുള്‍പ്പെടെ ജനലക്ഷങ്ങള്‍ പങ്കെടുത്ത ജനാസ നിസ്‌കാരത്തിന് ശേഷം ഹറമിനടുത്തുള്ള ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കി. പ്രവാചകതിരുമേനി(സ്വ)യുടെ പ്രിയപത്നി ഖദീജ(റ)യുടെ ഖബര്‍ശരീഫിന് സമീപമാണ് ബാഫഖി തങ്ങളുടെ അന്ത്യവിശ്രമസ്ഥാനം. പ്രവാചക തിരുമേനി(സ്വ)യുടെ കുടുംബാംഗത്തിലെ 38ാമത്തെ കണ്ണികൂടിയാണ് സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെയും ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗിന്റേയും നേതൃനിരയില്‍ അനിഷേധ്യനായിരുന്ന തങ്ങള്‍ കേരളാ മുസ് ലിം കളുടെ അവസാനവാക്കായിരുന്നു. മതവൈജ്ഞാനിക രംഗത്ത് സമസ്തക്ക് കീഴില്‍ മദ്റസാ സംവിധാനമെന്ന ആശയം അതില്‍ ഏറെ സുപ്രധാനമായിരുന്നു.
മദ്റസാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലേക്കും സമസ്തക്ക് കീഴില്‍ ഉന്നതവിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിനും ഒട്ടേറെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അദ്ദേഹത്തിന് സാധിച്ചു. സമുദായത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍വകലാശാല, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിലും തങ്ങള്‍ നേതൃപരമായ പങ്കുവഹിച്ചു.
വിദ്യാഭ്യാസ നവജാഗരണത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് തങ്ങള്‍ പ്രതിനിധാനം ചെയ്ത സമസ്തയുടേയും മുസ് ലിം ലീഗിന്റേയും പിന്നീടുള്ള സംഘടനാ സംവിധാനങ്ങളും ചടുലമായ പ്രവര്‍ത്തന മേഖലയും ബാഫഖി തങ്ങള്‍ കാണിച്ചുതന്ന പാതയിലൂടെയായിരുന്നു. വിയോഗത്തിന് അരനൂറ്റാണ്ട് പിന്നിടുമ്പോഴും കേരളാ മുസ് ലിം വിദ്യാഭ്യാസ പുരോഗതിയുടെ അടയാളമായി ബാഫഖി തങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."