31,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളുമെന്ന് രേവന്ത് റെഡ്ഢി; തെലങ്കാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ചരിത്ര നീക്കം
ഹൈദരാബാദ്: ചരിത്ര നീക്കവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 31,000 കോടി രൂപയുടെ കാര്‍ഷിക കടം എഴുതിതള്ളാന്‍ തീരുമാനിച്ചിരിക്കുകയാണ് തെലങ്കാന സര്‍ക്കാര്‍. കര്‍ഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പ എഴുതി തള്ളുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു.
വായ്പ എഴുതിത്തള്ളലിന്റെ യോഗ്യതാ വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പറഞ്ഞ അദ്ദേഹം വായ്പ എഴുതിത്തള്ളുന്നതിന് സംസ്ഥാന ട്രഷറിക്ക് ഏകദേശം 31,000 കോടി രൂപ ചെലവ് വരുമെന്നും ചൂണ്ടിക്കാട്ടി.
'കര്‍ഷകരുടെ ക്ഷേമത്തിനായാണ് സര്‍ക്കാര്‍ വായ്പ എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ പത്ത് വര്‍ഷമായി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ല. സംസ്ഥാനത്ത് അധികാരത്തില്‍ വന്ന് എട്ട് മാസത്തിനുള്ളില്‍ ഞങ്ങളുടെ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുകയാണ്,' റെഡ്ഡി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ 10 വര്‍ഷത്തെ ഭരണത്തില്‍ 28,000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ മാത്രമാണ് എഴുതിത്തള്ളിയത്.
ജൂണ്‍ 21 വെള്ളിയാഴ്ച നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2018 ഡിസംബര്‍ 12നും 2023 ഡിസംബര്‍ 9നും ഇടയില്‍ എടുത്ത വായ്പകള്‍ക്കും ഇളവ് ബാധകമാണ്.
യോഗത്തിന് ശേഷം, കര്‍ഷകരുടെ നിക്ഷേപ സഹായ പദ്ധതിയായ 'റൈതു ഭരോസ'യുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ക്യാബിനറ്റ് ഉപസമിതി രൂപീകരിക്കുമെന്നും റെഡ്ഡി പ്രഖ്യാപിച്ചു. മന്ത്രിസഭാ ഉപസമിതി രാഷ്ട്രീയ പാര്‍ട്ടികളുമായും മറ്റ് ബന്ധപ്പെട്ടവരുമായും കൂടിയാലോചന നടത്തി ജൂലൈ 15നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തെലങ്കാന സര്‍ക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും രംഗത്തെത്തി. കിസാന്‍ ന്യായ പ്രമേയം എന്ന പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണിതെന്നും, പദ്ധതി 40 ലക്ഷത്തിലധികം വരുന്ന കര്‍ഷക കുടുംബങ്ങളെ കടരഹിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്ഷേമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പത്ത് മുതലാളിമാര്‍ക്ക് വേണ്ടി ചിലവഴിക്കുന്നതിനു പകരം സാധാരണ ജനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."