'കൂട്ടുകാരെല്ലാം ഇന്ന് ക്ലാസില്‍ പോകും...ഞങ്ങള്‍ വീട്ടിലിരിക്കണം' എ പ്ലസുകാര്‍ പോലും പറയുന്നു; പ്ലസ് വണ്‍ പ്രവേശനോത്സവം ഇന്ന്
മലപ്പുറം: കൂട്ടുകാരികളെല്ലാം ഇന്ന് ക്ലാസില്‍ പോയി തുടങ്ങും. ഞാന്‍ വീട്ടിലിരിക്കണം... ഫുള്‍ എ പ്ലസോടെ പത്താം ക്ലാസ് വിജയിച്ച പൂക്കോട്ടൂരിലെ ഫാത്തിമ റിന്‍ഫയുടെ വാക്കുകളാണിത്. ഇതുപറയുമ്പോള്‍ ഫാത്തിമയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഫാത്തിമയുടെ മാത്രം അവസ്ഥയല്ലിത്. താനൂര്‍ തെയ്യാല മണിലപ്പുഴ പാണര്‍തൊടി മുഹമ്മദ് സിനാന് ഒമ്പത് എപ്ലസാണ് ലഭിച്ചത്. ഒരു എയും. എന്നിട്ടും സീറ്റില്ല. ഇന്ന് പ്ലസ് വണ്‍ പ്രവേശനോത്സവം നടക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ മാത്രം 31,482 കുട്ടികളാണ് പ്രവേശനം ലഭിക്കാതെ സ്‌കൂളിന്റെ പടിക്കുപുറത്ത് നില്‍ക്കുന്നത്.
പൂക്കോട്ടൂര്‍ പിലാക്കല്‍ പട്ടക്കര്‍ക്കടവന്‍ അന്‍വര്‍ ശരീഫിന്റെ മകള്‍ ഫാത്തിമ റിന്‍ഫ ഇഷ്ടവിഷയമായ കംപ്യൂട്ടര്‍ സയന്‍സിന് സമീപത്തെ ഏഴ് സ്‌കൂളുകളിലാണ് അപേക്ഷ നല്‍കിയത്. മൂന്ന് അലോട്ട്‌മെന്റില്‍ ഒന്നില്‍ പോലും അഡ്മിഷന്‍ ലഭിച്ചില്ല.
സിനാന്‍ സയന്‍സിനും കൊമേഴ്‌സിനും അപേക്ഷിച്ചെങ്കിലും മൂന്ന് അലോട്ട്‌മെന്റിലും പുറത്തായി. തന്റെ കൂടെ പഠിച്ച തന്നെക്കാളും മാര്‍ക്ക് കുറഞ്ഞവര്‍ക്ക് വരെ അവസരം ലഭിച്ചു. ചിലര്‍ വലിയ തുക നല്‍കി അണ്‍എയ്ഡഡ് സ്‌കൂളില്‍ ചേര്‍ന്നു. വലിയ തുക നല്‍കി പ്രവേശനം നേടാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും സിനാന്‍ സങ്കടത്തോടെ പറഞ്ഞു. കൂട്ടുകാരോടൊപ്പം പുതിയ ക്ലാസില്‍ പഠിക്കാന്‍ അവസരം ലഭിക്കാത്ത വിഷമത്തിലാണ് സിനാന്‍. മക്കളുടെ തുടര്‍പഠനത്തിലെ അനിശ്ചിതത്വത്തില്‍ രക്ഷിതാക്കളും ആശങ്കയിലാണ്.
മലപ്പുറം ജില്ലയില്‍ 82,446 അപേക്ഷകരില്‍ 50,964 വിദ്യാര്‍ഥികള്‍ക്കാണ് ഇതുവരെ പ്രവേശനം നേടാനായത്. പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുന്ന ഇന്ന് അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി ഓപ്ക്ഷന്‍ നല്‍കിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മലപ്പുറം വിദ്യാഭ്യാസ സംരക്ഷണ സമിതി അറിയിച്ചു.
അതിനിടെ മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധം ശക്തമാക്കിയതോടെ വിദ്യാര്‍ഥി സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നാളെ ഉച്ചയ്ക്ക് സെക്രട്ടേറിയറ്റില്‍ വച്ച് ചര്‍ച്ച നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
മലബാറില്‍ സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴാണ് മുഴുവന്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ഥികള്‍ പോലും മൂന്നാം അലോട്ടമെന്റിനു ശേഷവും സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്നത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
എന്നാല്‍ ചര്‍ച്ച തുടങ്ങും മുമ്പുതന്നെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ രാഷ്ട്രീയ പ്രേരിത സമരമാണ് മലബാറില്‍ നടക്കുന്നതെന്ന് മന്ത്രി കഴിഞ്ഞ ദിവസവും കണക്കുകള്‍ ഉദ്ധരിച്ച് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."