വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ചു കയറിയെന്ന്; രണ്ട് മുസ്‌ലിം സഹോദരങ്ങളെ അസം ഫോറസ്റ്റ് ഗാര്‍ഡ് വെടിവച്ചു കൊന്നു
ഗുവാഹതി: അസമില്‍ രണ്ട് മുസ്‌ലിം സഹോദരങ്ങളെ വെടിവച്ച് കൊന്ന് ഫോറസ്റ്റ് ഗാര്‍ഡ്. വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ചാണ് വെടിവെപ്പ്. ജൂണ്‍ 22ന് അസമിലവെ നാഗണ്‍ ജില്ലയിലാണ് സംഭവം. ദിംഗ്ബാരി ചപാരി ഗ്രാമവാസികളായ സമറുദ്ദീന്‍ (35), അബ്ദുല്‍ജലീല്‍ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ഇരുവരും പതിവുപോലെ റൗമാരി ബീല്‍ തണ്ണീര്‍ത്തടത്തില്‍ മറ്റ് ഗ്രാമീണര്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയപ്പോഴാണ് ക്രൂരതക്ക് ഇരയായത്. വെടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വനംവകുപ്പ് ഇവരെ നാഗോണ്‍ സിവില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വെടിവെപ്പ് ആത്മരക്ഷാര്‍ഥമെന്ന് ന്യായീകരണം. വ്യാജ ഏറ്റു മുട്ടലെന്ന് നാട്ടുകാര്‍
അനുവാദമില്ലാതെ വന്യജീവി സങ്കേതത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവരെന്നാണ് ഫോറസ്റ്റ് ഗാര്ഡ് നല്കുന്ന വിശദീകരണം.ഇരുവരെയും വനംവകുപ്പ് ഗാര്‍ഡ് തടഞ്ഞതായും അനുസരിക്കാത്തതിനെ തുടര്‍ന്ന് ആത്മരക്ഷാര്‍ഥം വെടിയുതിര്‍ത്തതാണെന്നും പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍, വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് തദ്ദേശവാസികളുടെയും വനമേഖലയില്‍ താമസിക്കുന്നവരുടെയും കൂട്ടായ്മയായ സിഎന്‍എപിഎ (കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്ക് എഗെയ്ന്‍സ്റ്റ് പ്രൊട്ടക്റ്റഡ് ഏരിയാസ്) ചൂണ്ടിക്കാട്ടി. സായുധരായ ഫോറസ്റ്റ് ഗാര്‍ഡുകള്‍ ഒരു മുന്നറിയിപ്പുമില്ലാതെ എല്ലാ ഭാഗത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും കൂടെയുള്ളവര്‍ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും സി.എന്‍.എ.പി.എ പ്രസ്താവനയില്‍ പറഞ്ഞു.
രൂക്ഷ വിമര്‍ശനവുമായി എം.എല്‍എ
പൊലിസ് വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായ സ്ഥലം റുപോഹിഹാത്ത് എം.എല്‍.എ ഹുറുല്‍ ഹുദ രംഗത്തെത്തി. നടന്നത് വ്യാജ ഏറ്റുമുട്ടലാണ്.
'അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കില്‍ കാലില്‍ വെടിയുതിര്‍ത്താല്‍ പോരേ?' ഇരകളെ സന്ദര്‍ശിക്കവേ എം.എല്‍.എ ചോദിച്ചു. 'അവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കാലില്‍ വെടിയുതിര്‍ത്താല്‍ പോരേ? എന്തിനാണ് പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ കൊന്നത്? ഇതിന് വനംവകുപ്പ് ഉത്തരം നല്‍കണം. കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം' കോണ്‍ഗ്രസ് നേതാവ് കൂടിയായ ഹുറുല്‍ ഹുദ പറഞ്ഞു.
പൊലിസ് വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രി
സ്വയം പ്രതിരോധത്തിനായി ഗാര്‍ഡ് വെടിയുതിര്‍ത്തതാണെന്ന പൊലിസ് വാദം അതേപടി ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."