ദുരിതക്കിടക്കയിൽനിന്ന് മോചനം; ഒടുവിൽ അബ്ദുറഹീം നാടണഞ്ഞു
കുവൈത്ത് സിറ്റി: രണ്ടു വർഷത്തെ ആശുപത്രി വാസത്തിനുശേഷം അബ്ദുറഹീം ഒടുവിൽ നാടണഞ്ഞു. കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്ന ബാലുശേരി എം.എം പറമ്പ് സ്വദേശിയായ അബ്ദുറഹീമിന്റെ ജീവിതം അപ്രതീക്ഷിതമായെത്തിയ വാഹനാപകടത്തെ തുടർന്നാണ് ആശുപത്രി കിടക്കയിലേക്ക് ചുരുങ്ങിയത്. നാട്ടിലേക്കു പോകാനുള്ള തയാറെടുപ്പിനിടെയായിരുന്നു അപകടം.
2022 മാർച്ച് 17ന് കുവൈത്തിലെ ഷുഹദാ ട്രാഫിക് സിഗ്നലിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കുകളോടെ കുവൈത്ത് മുബാറക് അൽ കബീർ ആശുപത്രിയിലെ ഐ.സി.യുവിൽ മാസങ്ങളോളം അബോധാവസ്ഥയിൽ കഴിയേണ്ടി വന്നു. പരസഹായമില്ലാതെ പ്രാഥമിക കൃത്യം വരെ ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ സന്നദ്ധ പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ആശുപത്രികിടക്കയിൽ ജീവിതം തള്ളി നീക്കിയത്. ഡോക്ടർമാർ പോലും രക്ഷപ്പെടില്ലെന്ന് വിധിയെഴുതിയിട്ടും മനക്കരുത്തു കൊണ്ട് ഇരുളടഞ്ഞ ജീവിതത്തിൽ നിന്ന് മെല്ലെ കരകയറുകയായിരുന്നു റഹീം. അതിനിടയിലെ നിയമക്കുരുക്കുകൾ പരിഹരിക്കാൻ കുവൈത്തിലെ നന്മ വറ്റാത്ത നല്ല മനുഷ്യരുടെ നിരന്തരമായ ഇടപെടലുകളും സഹായകമായി. മുബാറക് അൽ കബീർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ അറഫാത്ത് ചളിക്കോടിന്റെ നേതൃത്വത്തിൽ റഹീമിന്റെ പരിചരണത്തിൽ ആത്മാർഥമായി ഇടപെട്ടു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി നിയമ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യൻ എംബസി വെൽഫയർ വിഭാഗം ഉദ്യോഗസ്ഥരും കുവൈത്തിലെ പ്രമുഖ അഭിഭാഷകൻ അഡ്വ. മുഹമ്മദ് അൻസിയും നടത്തിയ ഇടപലുകൾ നിയമ നടപടികൾ വേഗത്തിൽ തീർപ്പാക്കാൻ സഹായകമായി. മാസങ്ങളോളം നീണ്ടുനിന്ന നിയമ നടപടികൾക്കൊടുവിൽ റഹീമിനുണ്ടായിരുന്ന യാത്രാ വിലക്ക് കഴിഞ്ഞ ദിവസം ഒഴിവായതിനെ തുടർന്നാണ് ചികിത്സയ്ക്കും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാനുമുള്ള ആഗ്രഹത്തോടെ റഹീം നാട്ടിലേക്ക് യാത്രയായത്. കുവൈത്ത് കെ.എം.സി.സി ട്രഷറർ ഹാരിസ് വള്ളിയോത്തും സാമൂഹിക പ്രവർത്തകൻ സലീം കൊമ്മേരിയും റഹീമിനെ യാത്രയിൽ സഹായിക്കാൻ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."