15 ദിവസത്തിനകം ഹാജരായില്ലെങ്കിൽ പിരിച്ചുവിടും; മെഡി. കോളജുകളിലെ 56 ഡോക്ടർമാർക്ക് കാരണം കാണിക്കൽ നോട്ടിസ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജ് ആശുപത്രികളിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 56 ഡോക്ടർമാരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ഇവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനകം ഹാജരായില്ലെങ്കിൽ ജോലിയിൽ നിന്ന് പരിച്ചു വിടുമെന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ നൽകിയ കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു.
നോട്ടിസ് നൽകിയ ഭൂരിപക്ഷം ഡോക്ടർമാരും പത്തു വർഷത്തിൽ കൂടുതലായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന്, ജോലിക്ക് ഹാജരായില്ലെങ്കിൽ പിരിച്ചുവിടുമെന്ന അന്ത്യശാസനം കഴിഞ്ഞ മാസം ആരോഗ്യ വകുപ്പ് നൽകിയിരുന്നു. പാരാമെഡിക്കൽ സ്റ്റാഫുകളും ചുരുക്കം ജൂനിയർ ഡോക്ടർമാരും മാത്രമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്. തുടർന്നാണ് കാരണം കാണിക്കൽ നോട്ടിസ് നൽകി പിരിച്ചു വിടലിലേക്ക് സർക്കാർ നീങ്ങിയത്.
മെഡിക്കൽ, ഫാർമസി കോളജുകളിലെ അസിസ്റ്റന്റ് പ്രൊഫസർമാർക്കും അധ്യാപകർക്കും നോട്ടിസ് നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിലെ 12 ഡോക്ടർമാരുടെയും തിരുവനന്തപുരത്തെ ഒൻപതു ഡോക്ടർമാരുടെയും പേരുകൾ പട്ടികയിലുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ഫാർമസി വിഭാഗത്തിലെ എൻ.പി മുഹമ്മദ് അസ്‌ലം 2008 ജൂലൈ ഒന്നു മുതൽ അനധികൃത അവധിയിലാണ്. ഈ ഡോക്ടർക്കെതിരേ 16 വർഷമായിട്ടും ആരോഗ്യ വകുപ്പ് നടപടി എടുക്കാത്തതും ദുരൂഹതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."