ബ്രിട്ടനില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ തകര്‍ത്ത് ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകും
ലണ്ടന്‍: ബ്രിട്ടന്‍ പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിന് അവസാനം. ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ പുറത്താക്കി ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്ക്.
ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. 650 സീറ്റുകളില്‍ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി90 സീറ്റില്‍ മാത്രമാണ് ജയിച്ചത്. 370 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു. അന്തിമ ഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്‌തെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു. ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് തുടങ്ങി 650 മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ 326 സീറ്റുകള്‍ വേണം. ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടി (എസ്.എന്‍.പി), എസ്.ഡി.എല്‍.പി, ഡെമോക്രാറ്റിക് യൂനിയനിസ്റ്റ് പാര്‍ട്ടി (ഡി.യു.പി), സിന്‍ ഫെയിന്‍, പ്ലെയ്ഡ് സിമ്രു, കുടിയേറ്റ വിരുദ്ധരായ റിഫോം പാര്‍ട്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളാണ് ജനവിധി തേടിയത്.
ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ കെയ്ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. 2010ല്‍ ഗോര്‍ഡന്‍ ബ്രൗണിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയാകുന്ന ലേബര്‍ പാര്‍ട്ടി നേതാവാകും സ്റ്റാര്‍മര്‍. 2019ലെ ലേബര്‍ പാര്‍ട്ടിയുടെ തോല്‍വിക്കു ശേഷം ജെറമി കോര്‍ബിനില്‍ നിന്നാണ് സ്റ്റാര്‍മര്‍ ചുമതലയേറ്റത്.
സര്‍ക്കാറിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."