ഡ്രൈവറെ പൊലിസ് മര്‍ദിച്ച സംഭവം: മുഖ്യമന്ത്രി ഇടപെടണമെന്ന് വി.എം സുധീരന്
കൊച്ചി: ഹാര്‍ബര്‍ പൊലിസിന്റെ മര്‍ദനമേറ്റ് നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് എണാകുളം ഇ.എസ്.ഐ ആശുപത്രിയില്‍ കഴിയുന്ന സ്കൂള്‍ ബസ് ഡ്രൈവര്‍ ഡ്രൈവര്‍ സുരേഷിനെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് സന്ദര്‍ശിച്ചു.
സുരേഷിനെതിരെയുള്ളത് പൂര്‍ണമായും കെട്ടിച്ചമച്ച കഥയാണെന്ന് താന്‍ മനസിലാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സുരേഷിനെ മര്‍ദ്ദിച്ച് നട്ടെല്ല് തകര്‍ത്ത പൊലിസുകാര്‍ നടപ്പിലാക്കിയത് കാട്ടുനീതിയാണ്. സുരേഷിന്റെ ജീവിതം തകര്‍ത്ത പൊലിസുകാര്‍ സേനയ്ക്ക് തന്നെ അപമാനമാണ്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിര ഇടപെടല്‍ നടത്തണമെന്നും സുരേഷിന്റെ ചികിത്സാ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
സുരേഷിന് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുമെന്നും ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഒരുമിച്ച് നീങ്ങണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കെ.പി.സി.സി സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, പി.എന്‍ പ്രസന്നകുമാര്‍, രാജു പി നായര്‍, കേരള ഗ്രാമ സ്വരാജ് ഫൌണ്ടേഷന് സംസ്ഥാന സെക്രട്ടറി വി.ഡി മജീന്ദ്രന്, ചെയര്മാന് സുരേഷ് വര്‍മ്മ, അഭിലാഷ് തോപ്പില്‍, ഹെന്‍ട്രി ഓസ്റ്റിന്‍, കൗണ്‍സിലര്‍ ദീപക് ജോയ്, തുടങ്ങിയവര്‍ സുധീരനോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."