ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍; സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടനെന്ന് റിപ്പോര്‍ട്ട്
ഫ്രഞ്ച് റീട്ടെയിലര്‍ ഡെക്കാത്ലോണിന് വെല്ലുവിളിയായി കായിക വിപണി ലക്ഷ്യമിട്ട്, മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയില്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡെക്കാത്‌ലോണ്‍ മാതൃകയില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്.
മുന്‍നിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000-10,000 ചതുരശ്ര അടിയില്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നീക്കം.
2009-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച ഡെക്കാത്ലോണിന്റെ വരുമാനം 2022-ല്‍ 2,936 കോടി രൂപയായിരുന്നു. 2021-ല്‍ 2,079 കോടി രൂപ ആയിരുന്നത് 2023-ല്‍ 3,955 കോടി രൂപയായി ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ റിലയന്‍സ് സ്റ്റോര്‍സ് എത്തുന്നത് ഡെക്കാത്‌ലോണിന് വലിയ വെല്ലുവിളിയായിരിക്കും.
Puma, Adidas, Skechers, Asics തുടങ്ങിയ മുന്‍നിര സ്പോര്‍ട്സ് ബ്രാന്‍ഡുകളും ഡെക്കാത്‌ലോണിന്റെ ചുവടുപിടിച്ച് ഗണ്യമായ വളര്‍ച്ച കൈവരിച്ചു.
പ്രാദേശിക മുന്‍ഗണനകള്‍ക്ക് അനുസൃതമായി പ്രതിവര്‍ഷം പത്ത് സ്റ്റോറുകള്‍ തുറക്കുവാനാണ് ഡെകാത്‌ലോണ്‍ പദ്ധതിയിടുന്നത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന ഒരു പരിപാടിയില്‍, ഡെക്കാത്ലോണിന്റെ ചീഫ് റീട്ടെയ്ല്‍ ആന്‍ഡ് കണ്‍ട്രീസ് ഓഫീസര്‍ സ്റ്റീവ് ഡൈക്സ് ഇന്ത്യയെ കമ്പനിയുടെ മികച്ച അഞ്ച് വിപണികളിലൊന്നായി അംഗീകരിക്കുകയും ചെയ്തിരുന്നു.
റിലയന്‍സ് റീട്ടെയില്‍ ചൈനീസ് ഫാസ്റ്റ് ഫാഷന്‍ ലേബല്‍ 'ഷെയി'നെ ഇന്ത്യയിലെത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സ്‌പോര്‍ട്‌സ് സ്‌റ്റോറെന്ന ഈ അഭ്യൂഹവും നിലനില്‍ക്കുന്നത്.
2008-ല്‍ സ്ഥാപിതമായ, ഷെയിന്‍, ക്രിസ് ചൂ എന്നയാളാണ് സ്ഥാപിച്ചത്. അതിര്‍ത്തി പിരിമുറുക്കത്തിനിടയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ച കൂട്ടത്തില്‍ 2020-ല്‍ ഇന്ത്യയില്‍ ഷെയ്‌നും നിരോധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."