നയനമനോഹരം ചെലവറ വെള്ളച്ചാട്ടം; ഒപ്പം കാണാം കാപ്പിതോട്ടത്തിനുള്ളിലെ 'സ്വകാര്യ' വെള്ളച്ചാട്ടവും
മടിക്കേരി: ജില്ലയിലെ പ്രശസ്തമായ വെള്ളച്ചാട്ടമാണ് ചെലവറ. എന്നാല്‍ ചെലവറ വെള്ളച്ചാട്ടത്തിന് സമീപം തന്നെ മറ്റൊരു ചെറു വെള്ളച്ചാട്ടം കൂടിയുണ്ട്. അധികമാരും അറിയാത്ത ഈ മനോഹര വെള്ളച്ചാട്ടം ഒരു സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തിന് ഉള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. സ്വകാര്യ ഭൂമിയില്‍ ആയതിനാലാണ് ഇത് അധികമാരും അറിയപ്പെടാതെ പോയത്. എന്നാല്‍, തോട്ടം ഉടമയായ മണിപ്പണ്ട ധീരജ് തിമ്മയ്യയുടെ അനുമതിയോടെ ഇപ്പോള്‍ നിരവധിപേര്‍ ഈ വെള്ളച്ചാട്ടം കാണാനായി എത്തുന്നുണ്ട്.
ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ തടിയന്റമോള്‍ മലനിരകളുടെ അതിര്‍ത്തിയില്‍ ഉള്ള ചോമക്കുണ്ട് മലമുകളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് അറുപതിലേറെ അടി താഴ്ച്ചയിലേക്ക് പതിച്ച് നയനമനോഹരമായ വെള്ളച്ചാട്ടമായി മാറുന്നത്. ചെയ്യന്താനെയില്‍ നിന്നും നാലുകിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. വിരാജ്പേട്ട പട്ടണത്തില്‍ നിന്നും 26 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ചെയ്യന്താനെയിലെത്താം.
ചെലവറ വെള്ളച്ചാട്ടം
കൂര്‍ഗ് യാത്രയില്‍ മറക്കാതെ കാണേണ്ട സ്ഥലമേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചെലവറ വെള്ളച്ചാട്ടം. കാവേരിയുടെ കൈവഴിയായ ചെറിയ അരുവിയിലൂടെ രൂപംകൊണ്ട് കുളത്തിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്.
ചെറിയൊരു ട്രക്കിങ്ങ് നടത്തി വേണം ഇവിടേക്ക് എത്തുവാന്‍. വളരെ കുറച്ച് ദൂരം മാത്രമേ നടക്കേണ്ടതുള്ളൂ.. എന്നാലും അത്രത്തോളം വ്യത്യസ്തമായ ഒന്നായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
വര്‍ഷത്തില്‍ എല്ലാ സമയത്തും ഇവിടേക്ക് വരാം. എന്നാല്‍ മഴക്കാലങ്ങളില്‍ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കേണ്ടതാണ്. രാവിലെ 6.00 മുതല്‍ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം അനുവദിച്ചിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."