മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമം വരുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. മുതിര്‍ന്ന പൗരന്‍മാരോടുള്ള മോശമായ പെരുമാറ്റത്തിനെതിരേ നിയമം കര്‍ക്കശമാക്കാനാണ് കരടുദേശീയ നയത്തില്‍ വ്യവസ്ഥചെയ്യുന്നത്. ഇതുപ്രകാരം മുതിര്‍ന്ന പൗരന്‍മാരുടെ മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ആരോഗ്യ സുരക്ഷ പൊതു ആരോഗ്യ വകുപ്പിന്റെ ചുമതലയായിരിക്കും. ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നത് കൂടുതല്‍ എളുപ്പമാക്കും.
മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന നിയമം കൂടുതല്‍ കണിശമാക്കുകയും ചെയ്യും. എല്ലാവര്‍ക്കും വീട് എന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സൗകര്യമൊരുക്കാനും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കരട് ദേശീയ നയം 2016 ശുപാര്‍ശ ചെയ്യുന്നുണ്ട്. വയോജന സംരക്ഷണം ഉറപ്പാക്കുന്നതിനായി 2007ല്‍ യു.പി.എ സര്‍ക്കാര്‍ സമഗ്ര നിയമം പാസാക്കിയിരുന്നു. ഇതില്‍ ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതല്‍ കര്‍ക്കശമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക.
ഇന്ത്യയിലെ 10 കോടി മുതിര്‍ന്ന പൗരന്‍മാരില്‍ 50 ശതമാനവും മോശമായ പെരുമാറ്റത്തിന് ഇരകളാകുന്നുണ്ടെന്ന് 2014ല്‍ ഹെല്‍പ് ഏജ് ഇന്ത്യ എന്ന സര്‍ക്കാരിതര സംഘടന നടത്തിയ സര്‍വേ പറയുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കാത്തവര്‍ക്കു ശിക്ഷ ഉറപ്പുവരുത്തണമെന്നും വയോജന ക്ഷേമത്തിനായുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും അടുത്തിടെ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."