യു.പി.എ തയാറാക്കിയ കരിമ്പട്ടിക ബി.ജെ.പി സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തു പ്രവേശിക്കുന്നതിനു വിലക്കുള്ള വിദേശ ഇന്ത്യക്കാരെയും വിദേശികളെയും ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കരിമ്പട്ടിക ബി.ജെ.പി സര്‍ക്കാര്‍ പുനഃപരിശോധിക്കുന്നു. പഞ്ചാബിലെ വിഘടനവാദ പ്രവര്‍ത്തനങ്ങളിലും 1985ലെ കനിഷ്‌ക വിമാനാക്രമണക്കേസിലും പങ്കുള്ളതിനാല്‍ പട്ടികയില്‍ ഇടംപിടിച്ച ചില വിദേശ ഇന്ത്യക്കാരായ സിഖുകാരെ അടുത്തിടെ ഇന്ത്യയില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് 38,000 പേരുകളുള്ള പട്ടിക പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ലഹരിമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടിക്കപ്പെട്ട ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചില പൗരന്‍മാരെയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും ഗുരുതര കേസുകളില്‍ പങ്കില്ലാത്തവരും രാജ്യത്തിനു ഭീഷണിയല്ലാത്തവരുമായ ആളുകളും പട്ടികയിലുണ്ടെന്നും ഇത് അധികൃതര്‍ക്ക് അമിത ഭാരമുണ്ടാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
329 പേരുടെ മരണത്തിനിടയാക്കിയ കനിഷ്‌ക കേസിലും പഞ്ചാബിലെ മറ്റു വിഘടനവാദ പ്രവര്‍ത്തനങ്ങളിലും പങ്കുള്ള സിഖുകാര്‍, ഇന്ത്യയിലെ നിരോധിത സംഘടനകളുമായി ബന്ധമുള്ളവര്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയവരാണ് പട്ടികയിലുള്ളത്. ജമ്മു കശ്മിരും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പോലുള്ള അതീവ വൈകാരിക പ്രദേശങ്ങളിലും മാവോയിസ്റ്റുകള്‍ക്കു സ്വാധീനമുള്ള പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വിദേശികളും പ്രവേശന നിരോധനമുള്ളവരില്‍ ഉള്‍പ്പെടും. വിസാ വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച വിദേശികളും മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ വംശജരും ഉള്‍പ്പെടെയുള്ളവരുടെ പേരുകളും പട്ടികയിലുണ്ട്. ഇന്ത്യയിലെ വിവിധ അന്വേഷണ ഏജന്‍സികള്‍ വിവിധ ഘട്ടങ്ങളിലായാണ് കരിമ്പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനു പുറമെ പട്ടികയില്‍ ഉള്‍പ്പെടുത്താനായി ഇന്ത്യയിലെ എംബസികളില്‍ നിന്നു ശുപാര്‍ശകളും ലഭിക്കാറുണ്ട്.
പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് 225 സിഖുകാരെ ഈ മാസം 18നു കരിമ്പട്ടികയില്‍ നിന്നു ആഭ്യന്തര മന്ത്രാലയം നീക്കിയിരുന്നു. നരേന്ദ്ര മോദി അധികാരത്തിലേറിയതിനു പിന്നാലെ സിഖുകാരെ ഭീകര പട്ടികയില്‍ നിന്നു മാറ്റണമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ്‌സിങ് ബാദലും ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ സിങ്ങും ആവശ്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിക്കു കത്തയച്ചിരുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയുടെ ഭാഗമാണ് പഞ്ചാബ് ഭരിക്കുന്ന അകാലിദള്‍. 1980കളില്‍ പഞ്ചാബിലുണ്ടായ വിഘടന വാദത്തെത്തുടര്‍ന്നുള്ള കേസുകളില്‍ നിന്നു രക്ഷ തേടി നൂറുകണക്കിനു സിഖ് കുടുംബങ്ങളാണ് അമേരിക്ക, കാനഡ, ബ്രിട്ടന്‍, ജര്‍മനി എന്നിവിടങ്ങളിലേക്കു താമസം മാറിയത്. ഇവരില്‍ പലര്‍ക്കെതിരേയും വിവിധ കേസുകളും ചിലരുടെ പേരുകള്‍ കരിമ്പട്ടികയിലും ഉണ്ട്.
തങ്ങള്‍ക്കു വിദേശ യാത്ര ചെയ്യാനാവുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരിമ്പട്ടികയില്‍ പേരുള്ള ചില സിഖുകാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ യു.പി.എ സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെ അതീവ ഗുരുതര പശ്ചാത്തലമില്ലാത്ത 117 പേരെ 2010 ഓഗസ്റ്റിലും 142 പേരെ തൊട്ടടുത്ത വര്‍ഷവും മോചിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."